
സിനിമാതാരവും മുന്‍ എംപിയുമായിരുന്ന ഇന്നസെന്‍റ് മരിച്ചപ്പോൾ പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെ അകമ്പടിയോടെയാണ് എന്ന് സൂചിപ്പിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഇരുവശത്തും ഇന്നസെന്‍റിന് ആദരാഞ്ജലി ബാനറുകള്‍ സ്ഥാപിച്ച റോഡിലൂടെ നിരനിരയായി കടന്നു വരുന്ന കാറുകളുടെ ചിത്രവും അതിന് താഴെ മുഖ്യമന്ത്രി വിഡി സതീസന്‍ സലിം കുമാറിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിയ ചിത്രവുമാണ് പോസ്റ്റിലുള്ളത്. ഇന്നസെന്‍റ് മരിച്ചപ്പോള്‍ പിണറായി വിജയന്‍ ഇത്രയും വാഹനങ്ങളുടെ അകമ്പടിയോടെയാണ് എത്തിയത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇന്നസെന്റ് മരിച്ചപ്പോൾ പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെ അകമ്പടിയോടെ
എന്നാൽ ഇന്നലെ സലീംകുമാറിന്റെ വീട്ടിൽ
ജനപ്രിയ മുഖ്യമന്ത്രി വീഡി എത്തിയത് ഒരേയൊരു കാറിൽ…
ഇവിടെയാണ് ജനവിരുദ്ധനും ജനപ്രിയനും തമ്മിലുള്ള മാറ്റം…
VD സതീശൻ ”

എന്നാല്‍ എഐ നിര്‍മ്മിത ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ ചില വ്യത്യാസങ്ങള്‍ കാണാം. മുഖ്യമന്ത്രി പിണറായിയുടെത് എന്നാ തരത്തില്‍ കാണിക്കുന്ന വാഹനത്തില്‍ രജിസ്ട്രേഷന്‍ നമ്പറിന് പകരം ചീഫ് മിനിസ്റ്റര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ കേരള സ്റ്റേറ്റ് 1 എന്നെഴുതിയ കാറാണ് മുഖ്യമന്ത്രിമാര്‍ സാധാരണ ഉപയോഗിക്കുന്നത്. പിണറായി വിജയന്‍ ഉപയോഗിച്ചിരുന്നതും ഇതേ നമ്പര്‍ എഴുതി പ്രദര്‍ശിപ്പിച്ച് വാഹനം ആയിരുന്നു. മാത്രവുമല്ല, സംസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചുകൊണ്ടിരുന്നത് ടൊയോട്ട ഇന്നോവ വാഹനങ്ങളായിരുന്നു. ഏറ്റവുമൊടുവില്‍ പിണറായി വിജയന്‍ കിയ വാഹനത്തിലേക്ക് മാറുകയും ചെയ്തിരുന്നു. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന കാലത്തെ വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ സഞ്ചരിക്കുന്ന വാഹനം വ്യക്തമായി കാണാം.
തുടര്‍ന്ന് ചിത്രം എഐ നിര്‍മിതമാണോ എന്ന് ഹൈവ് മോഡറേഷന്‍ ടൂള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ എഐ നിര്‍മ്മിതമാണ് എന്ന ഫലമാണ് ലഭിച്ചത്.

തുടര്‍ന്ന് സൈറ്റ് എന്‍ജിന്‍ എന്ന മറ്റൊരു എഐ ഡിറ്റക്ഷന്‍ ടൂളുപയോഗിച്ചും പരിശോധിച്ചപ്പോള്‍ സമാന ഫലം തന്നെയാണ് ലഭിച്ചത്.

ഇന്നസെന്‍റിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പോയതുമായി ബന്ധപ്പെട്ട് സംവിധായകന്‍ മേജര്‍ രവി വ്യാജ പരാമര്‍ശം നടത്തിയെന്നും അതിനെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും പരാതി നല്‍കിയതായി വാര്‍ത്തകളുണ്ട്.

ഇന്നസെന്‍റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പിണറായി വിജയന്‍ എത്തിയപ്പോഴുള്ള ദൃശ്യങ്ങള്‍ ലഭ്യമാണ്.
നിഗമനം
സിനിമാതാരവും മുന്‍ എംപിയുമായിരുന്ന ഇന്നസെന്‍റിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയന്‍ പോയത് 55 വാഹനങ്ങളുടെ അകമ്പടിയോടെയാണ് എന്ന് പ്രചരിപ്പിക്കുന്ന ചിത്രം എഐ നിര്‍മ്മിതമാണ്. വ്യാജ പ്രചാരണത്തിനെതിരെ പിണറായി വിജയന്‍ പരാതി നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




