
വിവരണം
Manorama News TV യുടെ ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 24 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റ് വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.”തോല്‍പിച്ചത് ശബരിമല തന്നെ; തുറന്നു സമ്മതിച്ച് സി.പി.എം..” എന്ന തലക്കെട്ടിൽ സിപിഎം അവലോകന യോഗത്തെക്കുറിച്ചുള്ള വാർത്തയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വാർത്തയ്ക്ക് ഇതേവരെ 2500 പ്രതികരണങ്ങളും 800 റോളം ഷെയറുകളുമായിട്ടുണ്ട്.
| archived link | manorama FB post |
കൂടാതെ Keralakaumudi ഇതേ വാർത്ത ഇതേ ദിവസം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 516 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.
| archived link | keralakaumudi FB post |
2019 മെയ് 24 ന് തിരുവനന്തപുരത്ത് സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങൾ തെരെഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചർച്ച ചെയ്യാൻ അവലോകന യോഗം കൂടിയിരുന്നു. അതിൽ ഉയർന്നു വന്ന അഭിപ്രായങ്ങളാണ് വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ എന്നിവരുൾപ്പെടെ 16 പേരാണ് സംസ്ഥാന സെക്രട്ടേറിയറ്റിലുള്ളത്. തെരെഞ്ഞെടുപ്പിനു മുമ്പുവരെ ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാട് പൂർണ്ണമായും ശരിയാണ് എന്നായിരുന്നു സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ തെരെഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന് ശബരിമല കാരണമായെന്ന് യോഗം പ്രത്യേകം പരാമർശിച്ചോ…? നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ പരിശോധന
ഞങ്ങൾ ഈ വാർത്തയുടെ വസ്തുതയറിയാൻ ആദ്യം തിരുവന്തപുരത്തുള്ള എകെജി സെന്ററുമായി ബന്ധപ്പെട്ടു. അവിടെ നിന്നും പാർട്ടി ഭാരവാഹികൾ അറിയിച്ചത് ഇപ്രകാരമാണ്: “ഇവിടെ ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. യോഗത്തിനു ശേഷം ഒരു പത്രക്കുറിപ്പ് മാധ്യമങ്ങൾക്ക് നല്കുകയാണുണ്ടായത്. ഇതല്ലാതെ മറ്റു വാർത്തകളൊന്നും മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല. ആ പത്രക്കുറിപ്പ് പാർട്ടിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശബരിമല വിഷയമാണ് പരാജയ കാരണമെന്ന് അതിലൊരിടത്തും പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ അവരുടെ ഇഷ്ടപ്രകാരം ശബരിമല ചേർത്തതാണ്. ശബരിമല എന്ന് അതിലൊരിടത്തും പരാമർശിച്ചിട്ടില്ല. പരാജയത്തിന്‍റെവിവിധ കാരണങ്ങൾ ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളു.”
പത്രക്കുറിപ്പ് താഴെ നൽകിയിരിക്കുന്നു.

| archived link | cpimkerala |
മനോരമ വാർത്തയുടെ താഴെ ശബരിമല എന്ന വാക്ക് വാർത്താക്കുറിപ്പിൽ ഒരിടത്തും ഉപയോഗിച്ചിട്ടില്ല എന്ന് പറയുന്നുണ്ട്.

| archived link | manoramanews |
കേരള കൗമുദി വാർത്തയുടെ വിവരണത്തിൽ അത് നൽകിയിട്ടില്ല. ശബരിമല വിഷയം പരാജയകാരണമായി സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി എന്നാണ് വാർത്തയിൽ ഉടനീളം സ്ഥാപിക്കുന്നത്.

| archived link | keralakaumudi |
തെറ്റിദ്ധാരണയുണ്ടാക്കുന്ന തലക്കെട്ടോടെ വാർത്ത നൽകിയിരിക്കുകയാണ് മനോരമ. ശബരിമല പരാജയ കാരണമാണെന്ന് പാർട്ടി യോഗം വിലയിരുത്തി എന്ന് സ്ഥാപിക്കുകയാണ് കേരള കൗമുദി. ഈ രണ്ടു വാർത്തകളും തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്
നിഗമനം
ഈ വാർത്തകൾക്ക് തെറ്റായ തലക്കെട്ടാണ് നൽകിയിരിക്കുന്നത്. യോഗത്തിൽ മാധ്യമ പ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. അതിനുശേഷം വിതരണം ചെയ്ത പത്രക്കുറിപ്പാണ് വാർത്തയുടെ അവലംബം. അതിൽ ശബരിമലയുടെ പേര് പരാമർശിക്കുന്നില്ല. ഇക്കാര്യം മനോരമ തന്നെ വിവരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റിധാരണ സൃഷ്ടിക്കുന്ന തരത്തിലാണ് വാർത്തയുടെ അവതരണം. അതിനാൽ തെറ്റിധാരണ പരത്തുന്ന ഈ വാർത്ത പ്രചരിപ്പിക്കാതിരിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.
ചിത്രങ്ങൾ കടപ്പാട് : Twentyfournews
Title:ശബരിമല വിഷയം തെരെഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം തുറന്നു സമ്മതിച്ചോ…?
Fact Check By: Deepa MResult: False Headline


