FACT CHECK: മംഗലാപുരത്തെ പഴയെ വീഡിയോ ഉപയോഗിച്ച് ഗുരുവായൂരില്‍ ‘കോലീബി’ സഖ്യ പ്രചാരണം എന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം | Politics

ബിജെപി സ്ഥാനാര്‍ഥിയില്ലാത്ത ഗുരുവായൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌-മുസ്ലിം ലീഗ്-ബിജെപിയും (കോലീബി) ചേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി ചെയ്യുന്ന സംയുക്ത പ്രചാരണം എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസെണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കേരളത്തിലെതല്ല എന്ന് കണ്ടെത്തി. കുടാതെ വീഡിയോയില്‍ ബിജെപിയുടെ കൂടെ കാണുന്ന പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തകരല്ല എന്നും കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു വീഡിയോ നമുക്ക് കാണാം. ഈ വീഡിയോയില്‍ ബി.ജെ.പിയുടെ കൊടികളോടൊപ്പം മറ്റു ചില കൊടികളുമായി വണ്ടികളുടെ ഒരു മാര്‍ച്ച്‌ നടക്കുന്നത് നമുക്ക് കാണാം. ഈ വീഡിയോ ഗുരുവായൂരില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറിന് വേണ്ടി പ്രചാരണം ചെയ്യുന്നതിന്‍റെതാണ് എന്ന് ആരോപിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “കോലീബി പ്രചാരണം ഗിരുവായൂർ (ഗുരുവായൂര്‍) ..ബിജെപി സ്ഥാനാർഥി അവിടെ ഇല്ലാത്തതു കാരണം പരസ്യമായി ലീഗ് സ്ഥാനാർഥി ഗിരുവായൂർ കണ്ണന്റെ കുചേലൻ കാദറിന്  സപ്പോർട്ട് ..

ഇതേ അടികുറിപ്പ് ഉപയോഗിച്ച് ഈ വീഡിയോ ഫെസ്ബൂക്കില്‍ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook Search showing similar posts.

വസ്തുത അന്വേഷണം

സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ വീഡിയോയെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് കണ്ടെത്തി. യുട്യൂബില്‍ 2019 മുതല്‍ ലഭ്യമുള്ള വീഡിയോ താഴെ നമുക്ക് കാണാം.

“കോബിലി സഖ്യം rss iuml mangalore” എന്നാണ് വീഡിയോയുടെ ശീര്‍ഷകം. ഈ വീഡിയോ മംഗലാപുരത്തെതാണ് എന്നാണ്‌ ശീര്‍ഷകത്തില്‍ പറയുന്നത്. ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന വണ്ടിയുടെ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഈ വണ്ടികള്‍ മംഗലാപുരത് രജിസ്റ്റര്‍ ചെയ്ത വണ്ടികളാണ് എന്ന് വ്യക്തമായി. 

Screenshot: Video available on YouTube since 2019, also the vehicle reg. no. on the number plate confirms the vehicle is from Mangalore in K’taka.

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചു. അന്വേഷണത്തില്‍ നിന്ന് നിഖാര ന്യൂസ്‌ എന്നൊരു കന്നഡ മാധ്യമ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യും ഒരു യുട്യൂബ് വീഡിയോയും കിട്ടി. ഈ വീഡിയോ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി മംഗലാപുരം കോര്‍പറേഷന്‍ തെരെഞ്ഞെടിപ്പ് വിജയിച്ചപ്പോള്‍ നടന്ന ആഘോഷ പരിപാടികളുടെതാണ് എന്ന് വാര്‍ത്ത‍യില്‍ പറയുന്നു. മംഗലാപുരത്ത് തിരുവയിലിലെ 20 നമ്പര്‍ വാര്‍ഡില്‍ വിജയിച്ച ബി.ജെ.പി. സ്ഥാനാര്‍ഥി ഹേമലത രഘു സാലിയാന്‍റെ വിജയാഘോഷത്തില്‍ എല്ലാ മതത്തിലെ ജനങ്ങള്‍ അവരുടെ കോടികളുമായി പങ്കെടുത്തു. ഇതില്‍ മുസ്ലിം സമുദായത്തിന്‍റെ പച്ച നിറമുള്ള കോടികളും ക്രിസ്ത്യന്‍ സമുദായത്തിന്‍റെ വെള്ള നിറമുള്ള കൊടികളും ബി.ജെ.പിയും ആര്‍.എസ്.എസിന്‍റെ കൊടികള്‍ക്കൊപ്പം കാണുകയുണ്ടായി.

Screenshot: Nikhara news article, dated Nov 15, 2019, YouTube video titled:ಮಂಗಳೂರು : ಬಿಜೆಪಿ ವಿಜಯೋತ್ಸವದಲ್ಲಿ ರಾರಾಜಿಸಿದ ಕೇಸರಿ ಧ್ವಜ, ಮುಸ್ಲಿಮರ ಹಸಿರು ಪತಾಕೆ, ಕ್ರೈಸ್ತರ ಬಿಳಿ ಧ್ವಜ

ലേഖനം വായിക്കാന്‍- Nikhara News | Archived Link

ഞങ്ങളുടെ പ്രതിനിധി ബി.ജെ.പി. നേതാവും മംഗലാപുരം നോര്‍ത്ത് എം.എല്‍.എയുമായ ഡോ. ഭരത് ഷെട്ടിയുമായി ബന്ധപെട്ടു. ഈ സംഭവത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്:

ഈ സംഭവം 2 കൊല്ലം പഴയതാണ്. മംഗലാപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ മാത്രം ഒരു മുസ്‌ലിംകളുടെ ഒരു വിഭാഗം കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിക്കെതിരെ ബി.ജെ.പി. സ്ഥാനാര്‍ഥിയെ പിന്തുണച്ചിരുന്നു. ഇവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരല്ല. വീഡിയോയില്‍ നോക്കിയാല്‍ അവരുടെ കയ്യിലിരിക്കുന്ന കോടിയും ലീഗിന്‍റെ കോടിയല്ല എന്ന് വ്യക്തമാകും. കുടാതെ ആ ഭാഗത്ത് മുസ്ലിം ലീഗ് ഇല്ല.

ഞങ്ങളുടെ പ്രതിനിധി മുസ്ലിം ലീഗ് നേതാവ് പാണക്കാട് മുനവ്വറലി തങ്ങളുടെ സെക്രട്ടറി മുനീർ അഹമ്മദുമായി ഈ വീഡിയോയും ബി.ജെ.പിക്കൊപ്പം സഖ്യത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്:

ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ഈ പ്രചരണം ഫേക്ക് ആണ്. ഞങ്ങള്‍ ബി.ജെ.പിക്കൊപ്പം സഖ്യതിലില്ല, ഒരിക്കലും ഉണ്ടാകാനും പോകുന്നില്ല!

ഈ വീഡിയോ മംഗലാപുരത്തെതാണ്, അവിടെ ലീഗിന്‍റെ പ്രവര്‍ത്തനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “ആ ഭാഗങ്ങളില്‍ ലീഗിന്‍റെ പ്രവര്‍ത്തനമില്ല, കെ.എം.സി.സിയുടെതുണ്ടായേക്കാം.”

വീഡിയോയില്‍ കാണുന്ന കൊടികളും മുസ്ലിം ലീഗിന്‍റെ കോടികളല്ല എന്ന് രണ്ട് കൊടികളും തമ്മില്‍ താരതമ്യം ചെയ്താല്‍ നമുക്ക് മനസിലാക്കാം.

 Image Comparison: You can see clearly the flag in the video has a large central crescent and star surrounded by various smaller stars whereas the IUML flag has only one crescent and star aligned to the top left corner.

നിഗമനം

വീഡിയോ പ്രചരിപ്പിക്കുന്നത് തെറ്റായിട്ടാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വീഡിയോ കേരളത്തിലെതല്ല കൂടാതെ രണ്ട് കൊല്ലം പഴയതുമാണ്. 2019ല്‍ കര്‍ണാടകയിലെ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ മംഗലാപുരത്ത് ഒരു വാര്‍ഡില്‍ വിജയിച്ച ബി.ജെ.പിയുടെ ഹേമലത രഘു സാലിയാന്‍റെ വിജയാഘോഷങ്ങളില്‍ പങ്കെടുത്ത അവരെ പിന്തുണിച്ച മുസ്ലിംകളുടെ ഒരു വിഭാഗമാണ്‌ പച്ച കൊടിയുമായി വീഡിയോയില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മംഗലാപുരത്തെ പഴയെ വീഡിയോ ഉപയോഗിച്ച് ഗുരുവായൂരില്‍ ‘കോലീബി’ സഖ്യ പ്രചാരണം എന്ന് വ്യാജ പ്രചരണം…

Fact Check By: Mukundan K 

Result: False