ക്ഷേത്ര പൂജാരിയെ മുസ്ലിം ദമ്പതികള്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍- യാഥാര്‍ത്ഥ്യം ഇതാണ്…

സാമൂഹികം

മതമൈത്രി എന്നും സമൂഹത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യമാണ്. അതുപോലെ തന്നെ സഹജീവികളെ സഹായിക്കാനുള്ള മനസ്ഥിതിയും സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന പ്രധാന ഘടകമാണ്. ഇവ രണ്ടും ഒത്തുചേരുന്ന സന്ദേശമുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

വീഡിയോ ദൃശ്യങ്ങളില്‍ ക്ഷേത്ര പൂജാരിയുടെ വേഷം ധരിച്ച ഒരാൾ കൈക്കുഞ്ഞുമായി ഇടവഴിയിലൂടെ നടക്കുന്നത് കാണാം. കുറച്ച് സമയത്തിന് ശേഷം, അയാൾ പെട്ടെന്ന് കുട്ടിയെ നിലത്ത് കിടത്തി, അപസ്മാരം ബാധിച്ചതുപോലെ വിറയ്ക്കാൻ തുടങ്ങുന്നു. അൽപ്പസമയത്തിനുശേഷം, മോട്ടോർ സൈക്കിളിൽ കടന്നുപോകുന്ന ഒരു മുസ്ലീം ദമ്പതികൾ ആ മനുഷ്യനെ തടഞ്ഞുനിർത്തി സഹായിക്കുന്നു.  ഇത് എവിടെ നടന്നത് ആണെന്നോ അല്ലെങ്കില്‍ ആരാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നോ വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും ഇത് യഥാർത്ഥ സംഭവമാണെന്ന് സൂചിപ്പിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കരുണ ചൊരിയാൻ ഭർത്താവോ അച്ഛനോ സഹോദരിയോ മറ്റ് വേണ്ടപ്പെട്ടവരോ ആവണമെന്നില്ല.. മനുഷ്യനായാൽ മതി!!

അനവധി വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഇത്രയും മനുഷ്യത്വംവും മാനവികതയും തുളുമ്പുന്ന ഒരു വീഡിയോയും ഇതുവരെ കണ്ടിട്ടില്ല.. വർഗീയത തിളച്ചുപൊന്തുന്ന ഈ കെട്ട കാലത്ത് ഇതുപോലുള്ള ആളുകൾ നമുക്കിടയിൽ ഉള്ളതുകൊണ്ടാണ് ഭൂമി തല കീഴായി മറിയാതെ നിലനിൽക്കുന്നത്.

ഈ വീഡിയോ ഒരു സിസിടിവി റെക്കോർഡിംഗ് ആയതുകൊണ്ട് നമുക്ക് ഇതിൻറെ ആധികാരികത ഉറപ്പുവരുത്താനാകും️”

FB post | archived link

ഞങ്ങളുടെ അന്വേഷണത്തില്‍ വൈറൽ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്ന് കണ്ടെത്തി. പോസ്റ്റില്‍ അവകാശപ്പെടുന്നതു പോലെ സിസിടിവി ദൃശ്യങ്ങളല്ല. 

വസ്തുത ഇതാണ് 

വീഡിയോ മുഴുവന്‍ കണ്ടു നോക്കിയാല്‍ ഒടുവില്‍ ഇത് യഥാര്‍ത്ഥ സംഭവമല്ലെന്ന് ഡിസ്ക്ലൈമര്‍ കാണിക്കുന്നത് കാണാം. വീഡിയോയുടെ പ്രധാന ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ വീഡിയോ പൊതുജന അവബോധ വീഡിയോകൾ നിർമ്മിച്ച് പ്രസിദ്ധരായ  യുട്യൂബ് ചാനല്‍ 3RD EYE-പ്രസിദ്ധീകരിച്ചതായി കണ്ടു. ചാനലില്‍ 2022 മെയ് 6-ന് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ‘ഈ ദമ്പതികൾക്ക് സല്യൂട്ട് ചെയ്യുക 🙏👏💖 || ഇത് ഹൃദയസ്പർശിയാണ് || സാമൂഹിക അവബോധ വീഡിയോ.

വീഡിയോ മുഴുവനായി കണ്ടുനോക്കിയാല്‍  ‘യഥാർത്ഥ ലോക സാഹചര്യങ്ങൾ എങ്ങനെയായിരിക്കുമെന്ന് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും അതിനായി ചിത്രീകരിക്കുകയും ചെയ്യുന്നു”  എന്ന ലക്ഷ്യത്തോടെയാണ് ഇത് സൃഷ്ടിച്ചതെന്ന് വ്യക്തമായി പരാമർശിക്കുന്ന ഒരു വിശദീകരണം ഒടുവിലായി കാണിക്കുന്നുണ്ട് എന്ന് കാണാം. 

വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: ‘കണ്ടതിന് നന്ദി! വ്യത്യസ്ത സാഹചര്യങ്ങളിലുള്ള അവബോധമുള്ള ആളുകൾക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്ത നാടകങ്ങളും പാരഡികളും ഈ ചാനലിൽ അവതരിപ്പിക്കുന്നുവെന്നത് ദയവായി ശ്രദ്ധിക്കുക. ഈ ചാനൽ സാമൂഹിക അവബോധ വീഡിയോകൾ നൽകുന്നു. ഈ ഹ്രസ്വചിത്രങ്ങൾ വിനോദ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്! (Sic)’. YouTube പേജ് 3RD EYE-ന്‍റെ about വിഭാഗത്തിലും ചാനൽ ‘വിനോദ’ വീഡിയോകൾ പങ്കിടുന്നതായി പറയുന്നു.

ഐഡിയാസ് ഫാക്ടറി എന്ന പേരിൽ അറിയപ്പെടുന്ന 3RD EYE യുടെ ഫേസ്ബുക്ക് പേജിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സമാന വീഡിയോകള്‍ ഇതിനു മുമ്പും യഥാര്‍ത്ഥ സംഭവത്തിന്‍റെത്  എന്ന മട്ടില്‍ പ്രചരിച്ചിട്ടുണ്ട്. അവയുടെ മുകളില്‍ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്. ലേഖനങ്ങള്‍ നോക്കൂ: 


ഹിജാബ് ധരിച്ച സ്ത്രീ വൃദ്ധനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രത്യേകം ചിത്രീകരിച്ചതാണ്…

ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ സാമൂഹ്യവിരുദ്ധരില്‍ നിന്നും രക്ഷിക്കുന്ന സ്വാമിയുടെ വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌‌തുത എന്ത്? അറിയാം..

ബുര്‍ഖ ധരിച്ച സ്ത്രീകള്‍ മദ്യപനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…


ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ക്ഷേത്ര പൂജാരിയെ മുസ്ലിം ദമ്പതികള്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍- യാഥാര്‍ത്ഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: Misleading