സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ തോമസ് ഐസക് ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചോ?
വിവരണം
സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റി.. സര്‍ക്കാരിന്‍റെ വിശ്വാസ്യത നഷ്ടമായി.. -മന്ത്രി തോമസ് ഐസക്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ മന്ത്രി തോമസ് ഐസക് പ്രസ്താവന നടത്തിയെന്ന പേരിലാണ് പ്രചരണം. കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 535ല്‍ അധികം റിയാക്ഷനുകളും 1,300ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മന്ത്രി തോമസ് ഐസക് സര്‍ക്കാരിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സംഭവത്തെ കുറിച്ച് അറിയാന്‍ ആദ്യം തന്നെ ഞങ്ങള്‍ പരിശോധിച്ചത് അദ്ദേഹത്തിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളാണ്. അതായത് ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് മുതലായവ. ഇവയില്‍ എന്തെങ്കിലും തരത്തില്‍ മന്ത്രി നടത്തിയ പ്രസ്താവനയെ കുറിച്ചോ സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങളോ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഗൂഗിളില്‍ മന്ത്രിയുടെ പേരും സ്വര്‍ണ്ണക്കടത്ത് എന്ന കീ വേര്‍ഡും ഉപയോഗിച്ച് പരിശോധിച്ചെങ്കിലും പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ സര്‍ക്കാരിനെതിരെ തോമസ് ഐസക് നടത്തിയ പ്രസ്താവനകള്‍ ഒന്നും തന്നെ റിസള്‍ട്ടില്‍ കണ്ടെത്താന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ മന്ത്രിയുടെ ആലപ്പുഴ ജില്ലയിലെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ പ്രേമുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് വിഷയത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
മന്ത്രി ഇത്തരമൊരു പ്രസ്താവന ഇതുവരെ നടത്തിയിട്ടില്ല. ഒരു പൊതുപരിപാടിയിലും അദ്ദേഹത്തിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടിലൂടെയും ഇത്തരത്തില്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. മനപ്പൂര്‍വ്വം ആരോ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായുള്ള ദുര്‍നടപടി മാത്രമാണിതെന്നും പേഴ്‌സണല്‍ സ്റ്റാഫ് അംഗം വ്യക്തമാക്കി.
നിഗമനം
മന്ത്രി തോമസ് ഐസകിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ധനകാര്യവകുപ്പ് മന്ത്രിയായ തോമസ് ഐസക് സര്‍ക്കാരിനെതിരെ ഇത്തരമൊരു പ്രസ്താവന സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയതായി യാതൊരു മാധ്യമ റിപ്പോര്‍ട്ടുകളുമില്ല. അദ്ദേഹത്തിന്‍റെ പേഴ്‌സണല്‍ സറ്റാഫ് അംഗവും ഈ ആരോപണം നിഷേധിച്ചു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ തോമസ് ഐസക് ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചോ?
Fact Check By: Dewin CarlosResult: False