രാജസ്ഥാന്‍ മഹിളാ കോണ്‍ഗ്രസ്സ് നേതാവിന്‍റെ മക്കളുടെ ഒപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…
ദി ബ്ലിറ്റ്‌സ്’ എന്ന വിദേശ മാഗസിൻ രാഹുൽ ഗാന്ധിയെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന് വിദേശത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട് എന്ന് ലേഖനത്തിൽ വെളിപ്പെടുത്തുന്നു. കോൺഗ്രസ് നേതൃത്വം ആരോപണത്തോട് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളില്‍ രാഹുൽ ഗാന്ധിയുടെ ഭാര്യയും മക്കളുമൊത്ത് അദ്ദേഹം നിൽക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
പ്രചരിക്കുന്ന ചിത്രത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം നാല് കുട്ടികളെ കാണാം. “ബ്രിട്ടീഷ് പൗരനും കുടുംബമുണ്ട് ! കുടുംബ ബന്ധങ്ങളെ ബഹുമാനിയ്ക്കുന്നവരാണ് ഭാരതീയർ ! പിന്നെന്തിനീ ഒളി ജീവിതം ?” എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്.
എന്നാല്‍ പോസ്റ്റില്‍ ആരോപിക്കുന്നത് പോലെ ചിത്രത്തിലുള്ളത് രാഹുല്‍ ഗാന്ധിയുടെ ഭാര്യയും കുട്ടികളുമല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ ചിത്രം ഉൾപ്പെടുന്ന മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. 2022 ഡിസംബര്‍ 9ന് പ്രസിദ്ധീരിച്ച റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിൽ കാണുന്നത് രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ പ്രിയങ്ക നന്ദ്വാനയുടെ മക്കളാണ്. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി പ്രിയങ്ക നന്ദ്വാനയുടെ ആഗ്രഹപ്രകാരം അവരുടെ മക്കള്‍ക്ക് ഹെലികോപ്റ്ററില്‍ പറക്കാന്‍ അവസരം നല്‍കുകയായിരുന്നു.
രാഹുല്‍ ഗാന്ധി കുട്ടികള്‍ക്ക് ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അവസരം നല്‍കിയത് ദേശീയ മാധ്യമങ്ങളും രാജസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു.
രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള ചുവന്ന ടോപ്പും കണ്ണടയും ധരിച്ച പെൺകുട്ടി ഹെലികോപ്റ്റര്‍ യാത്രയുടെ സന്തോഷം പങ്കുവയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വീഡിയോയിൽ, അവൾ ഇങ്ങനെ പറയുന്നു, 'ഞങ്ങൾക്ക് വളരെ സന്തോഷം തോന്നി. രണ്ട് ദിവസമായി ഞങ്ങൾക്ക് സ്കൂൾ നഷ്ടപ്പെട്ടു, പക്ഷേ, ഒടുവിൽ ഞങ്ങൾ ഇന്ന് കണ്ടുമുട്ടി. ഇത് ഒരു തരത്തിൽ എനിക്കൊരു പിറന്നാൾ സമ്മാനമാണ്. അദ്ദേഹം ഞങ്ങളെ ഹെലികോപ്റ്ററിൽ കയറ്റി. വീഡിയോയിൽ പെൺകുട്ടിയുടെ അമ്മ രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞുകൊണ്ട് പറയുന്നു, ‘ഞങ്ങളുടെ കുട്ടികളുടെ സന്തോഷം അദ്ദേഹം പരിഗണിച്ചു. നന്ദി രാഹുൽ ജി, ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും ആഗ്രഹം നിറവേറ്റിയതിന് വളരെ നന്ദി, ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരുപക്ഷെ എനിക്ക് ഒരിക്കലും അവർക്ക് ഇത് നൽകാൻ കഴിയുമായിരുന്നില്ല. ജീവിതത്തിലെ വലിയ സമ്മാനം.'
ഭാരത് ജോഡോ യാത്രക്കിടെ വേറെയും കുട്ടികള്‍ക്ക് രാഹുല്‍ ഗാന്ധി ഹെലികോപ്റ്റര്‍ യാത്രക്ക് അവസരമൊരുക്കി നല്‍കിയിരുന്നു എന്ന് മാധ്യമ വാര്‍ത്തകളുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചിത്രത്തില്‍ കാണുന്നത് രാഹുല്‍ ഗാന്ധിയുടെ കുട്ടികളല്ല, രാജസ്ഥാനിലെ മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയുടെ മക്കളാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:രാജസ്ഥാന്‍ മഹിളാ കോണ്‍ഗ്രസ്സ് നേതാവിന്‍റെ മക്കളുടെ ഒപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു...
Fact Check By: Vasuki SResult: False