നായ കടിച്ചതുമൂലം പേവിഷബാധയേറ്റ ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ആംബുലന്‍സ് കിടക്കയിൽ ഒരു കുട്ടി വിചിത്രമായി ചേഷ്ടകളോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. ഈ കുട്ടിയെ നായ കടിച്ചതുമൂലം പേവിഷബാധ ഏറ്റതാണ് എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ജീവിച്ച് കൊതി തീരും മുൻപ് വീട്ടിലെ വളർത്തു പട്ടിയിൽ നിന്ന് പേ വിഷബാധ ഏറ്റു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഡോക്ടർമാരും വീട്ടുകാരും. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരാണ് ഈ പൊന്നുമോന്റെ വീട് 26-1-2023 റിപ്പബ്ലിക് ദിനത്തിന് ഇവൻ പഠിക്കുന്ന സ്കൂളിലേക്ക് പരേഡിന് പോയതാണ് അവിടെവച്ചാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അവിടെനിന്ന് അത്താണി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചിട്ടില്ല ഈ പൊന്നുമോൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. (വളർത്തു പട്ടികളെയും തെരുവു പട്ടികളെയും ശ്രദ്ധിക്കുക.)”

FB postarchived link

എന്നാൽ കുട്ടിക്ക് പേവിഷബാധയേറ്റ ദൃശ്യങ്ങളല്ല ഇതെന്നും പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ദൃശ്യങ്ങൾക്കൊപ്പമുള്ള കമന്‍റുകളില്‍ നിന്നും സംഭവം ഗുരുവായൂര്‍ നിന്നുള്ളതാണ് എന്ന സൂചന ഞങ്ങൾക്ക് ലഭിച്ചു. ഈ സൂചന ഉപയോഗിച്ച് അന്വേഷിച്ചപ്പോൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവറുടെ വിശദാംശങ്ങൾ ലഭ്യമായി. തുടർന്ന് അദ്ദേഹവുമായി ഞങ്ങൾ സംസാരിച്ചപ്പോൾ അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്: “തെറ്റായ പ്രചരണമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്നത് കുട്ടിക്ക് പേവിഷബാധ ഏറ്റതല്ല. കുട്ടിക്ക് ഒരു വളർത്തുനായ ഉണ്ടായിരുന്നു. അതിനെ വീട്ടുകാർ മറ്റൊരാൾക്ക് നൽകിയത് മൂലമുണ്ടായ മനോവിഷമം മൂലമാണ് കുട്ടി അത്തരം പെരുമാറ്റ രീതികൾ കാണിച്ചത്. അല്ലാതെ പട്ടി കടിക്കുകയോ പട്ടിയിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള മുറിവ് പറ്റുകയോ ഉണ്ടായിട്ടില്ല.”

തുടർന്ന് ഞങ്ങൾ കുട്ടിയുടെ അമ്മയുമായി സംസാരിച്ചു. അമ്മ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഞങ്ങളുടെ കുട്ടി ഒരു നായയെ വളർത്തുന്നുണ്ടായിരുന്നു. അതിന് ഈയിടെ സുഖമില്ലാതെ ആയതിനാൽ മറ്റൊരാൾക്ക് നൽകുകയുണ്ടായി. കുഞ്ഞ് നായക്കുട്ടിയുമായി ഇത്രയ്ക്ക് അധികം അടുത്തു പോയത് ഞങ്ങളും അറിഞ്ഞിരുന്നില്ല. നായകുട്ടി നഷ്ടപ്പെട്ടതോടെ അവന്‍റെ പെരുമാറ്റ രീതിയിൽ ഒത്തിരി മാറ്റങ്ങൾ വന്നു. ഒടുവിൽ അവനെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതായ സ്ഥിതിയിലെത്തി. തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോകുന്ന വഴി ആരോ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി തെറ്റായ വിവരണത്തോടെ, അതായത് കുട്ടിയെ നായ കടിച്ചുവെന്നും അവന് പേവിഷബാധയേറ്റ് മരണത്തിന്‍റെ വക്കിലായിരുന്നുവെന്നും മരിച്ചുപോയി എന്നും വരെ പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കുട്ടി ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനായി വീട്ടിലുണ്ട്. നായക്കുട്ടിയെ തിരികെ വാങ്ങണോ എന്നു ചോദിച്ചപ്പോള്‍ വേണ്ട എന്നാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് മറുപടി അവന്‍ തന്നത്. സത്യാവസ്ഥ അറിയാൻ ശ്രമിക്കാതെ ഇത്തരത്തിൽ പ്രചരണം നടത്തുന്നവർക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് എനിക്കറിയില്ല. എന്നാൽ ഈ പ്രചരണം എന്നെയും കുടുംബത്തെയും വല്ലാത്ത ദുഃഖ അവസ്ഥയിലേക്കാണ് തള്ളിയിട്ടത്. ഞങ്ങൾ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. എത്രയും വേഗം നടപടി എടുക്കാമെന്ന് അവർ അറിയിച്ചിരുന്നു.”

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. പേവിഷബാധയേറ്റ കുട്ടിയുടെ ദൃശ്യങ്ങൾ എന്ന പ്രചരിപ്പിക്കുന്നത് വളർത്തു നായയെ നഷ്ടപ്പെട്ട ദുഃഖം മൂലം നിരാശനായി മോശം മാനസിക അവസ്ഥയിലേക്ക് പോയ കുട്ടിയുടെ ദൃശ്യങ്ങളാണ്. ദയവായി വാസ്തവമറിയാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദൃശ്യങ്ങള്‍ പേവിഷബാധയേറ്റ കുട്ടിയുടേതല്ല, യാഥാര്‍ഥ്യമിതാണ്...

Fact Check By: Vasuki S

Result: False