
പ്ലാസ്റ്റിക് അരി ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നു എന്ന പ്രചരണത്തിന് ഏതാണ്ട് പത്തു വര്‍ഷത്തോളം പഴക്കമുണ്ട്. പ്ലാസ്റ്റിക് അരി സത്യമോ മിഥ്യയോ എന്നതാണ് തര്‍ക്ക വിഷയം. ഉപയോക്താക്കള്‍ക്ക് സദാ സന്ദേഹമുണ്ടാക്കുന്ന തരത്തില്‍ പ്ലാസ്റ്റിക് അരിയുടെ വീഡിയോകളും കുറിപ്പുകളും കാലാകാലങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. പ്ലാസ്റ്റിക് അരി ഉൽപ്പാദിപ്പിക്കുന്ന ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഈയിടെ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്.
പ്രചരണം
ഒരു യന്ത്രം ഉപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റുകൾ അരിമണിയുടെ ആകൃതിയിലാക്കി മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിനു മുമ്പായി പലയിടത്ത് നിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സംസ്കരിക്കാനായി ശേഖരിക്കുന്ന ദൃശ്യങ്ങളും കാണാം. വീഡിയോ ദൃശ്യങ്ങളിലെ യന്ത്രത്തില്‍ പ്ലാസ്റ്റിക്ക് അരി ഉല്‍പ്പാദിപ്പിക്കുകയാണ് എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പഴയ പ്ലാസ്റ്റിക്കുകൾ റീ സൈക്കിൾ ചെയ്തു ഒർജിനൽ അരി നിർമ്മിക്കുന്നു വീഡിയോ കണ്ടു നോക്കൂ!”
എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നത് പ്ലാസ്റ്റിക് അരി ഉണ്ടാക്കുന്ന പ്രക്രിയ അല്ലെന്നും ഫോര്‍ട്ടിഫൈഡ് റൈസ് എന്ന പുതിയ ഉല്‍പ്പന്നമാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഫോര്‍ട്ടിഫിറ്റ് നൂട്രീഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ സമാനമായ ഒരു ഫോട്ടോ കണ്ടെത്തി. ഫോര്‍ട്ടിഫൈഡ് അരി നിര്‍മ്മിക്കുന്ന കമ്പനിയാണിതെന്ന് വിവരണത്തില്‍ പറയുന്നു.

എക്‌സ്‌ട്രൂഷൻ ടെക്‌നോളജിയിൽ, വറുത്ത അരി പൊടിച്ച് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു പ്രീമിക്‌സുമായി കലർത്തുന്നു. എക്‌സ്‌ട്രൂഡർ മെഷീൻ ഉപയോഗിച്ച് ഈ മിശ്രിതത്തിൽ നിന്നാണ് ഫോർട്ടിഫൈഡ് റൈസ് കേർണലുകൾ (FRK) നിർമ്മിക്കുന്നത്. കേർണലുകൾ അരി ധാന്യങ്ങളുമായി സാമ്യമുള്ളതാണ്. 1:50 മുതൽ 1: 200 വരെ (അനുയോജ്യമായത് 1:100) എന്ന അനുപാതത്തിൽ ഫോർട്ടിഫൈഡ് അല്ലാത്ത അരിയിൽ FRK ചേർക്കുന്നു, തൽഫലമായി, സുഗന്ധത്തിലും രുചിയിലും ഘടനയിലും പരമ്പരാഗത അരിയുമായി ഏതാണ്ട് സമാനമാണ് ഫോർട്ടിഫൈഡ് അരി.
എന്താണ് ഫോര്‍ട്ടിഫൈഡ് അരി
ഫോർട്ടിഫൈഡ് റൈസ് അഥവാ സമ്പുഷ്ടീകരിച്ച അരി ഭക്ഷണത്തിലെ പോഷക നിലവാരം മെച്ചപ്പെടുത്താന് കൃത്രിമമായി സാംസ്ക്കാരിച്ച് നിര്‍മ്മിക്കുന്നവയാണ്. അവശ്യ സൂക്ഷ്മ പോഷകങ്ങളുടെ അളവ് ഈ പ്രക്രീയയിലൂടെ വർധിപ്പിക്കുകയും ചെയ്യുന്നു. സമ്പുഷ്ടീകരിച്ച അരി രുചിയിലും, മണത്തിലും, രൂപത്തിലും സാധാരണ അരിക്ക് സമാനവും പൂർണമായും സുരക്ഷിതവുമാണെന്ന് നിര്‍മ്മാണ കമ്പനികള്‍ പറയുന്നു.
അരിപ്പൊടി, പ്രിമിക്‌സ് എന്നിവ സംയോജിപ്പിച്ചാണ് സമ്പുഷ്ടീകരിച്ച അരിമണികള്‍നിര്‍മ്മിക്കുന്നത്. കലര്‍പ്പിന്‍റെ അനുപാതം 100:1 ആണ്. ഇതിൽ അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. അയൺ വിളർച്ച തടയുന്നതിനും, ഫോളിക് ആസിഡ് രക്ത രൂപീകരണത്തിനും, വിറ്റാമിൻ ബി 12 നാഡീവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിനും സഹായിക്കുന്നു. പോഷകാഹാര കുറവിനെ ഒരു പരിധിവരെ ചെറുക്കാൻ ഇതിലൂടെ കഴിയും.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) വെബ്സൈറ്റില്‍ ഫോര്‍ട്ടിഫൈഡ് അറിയേ കുറിച്ചുള്ള വിവരണം ഇങ്ങനെ: ഉയർന്ന പ്രതിശീർഷ അരി ഉപഭോഗമുള്ള രാജ്യങ്ങളിലെ സൂക്ഷ്മപോഷകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനുള്ള ചെലവ് കുറഞ്ഞതും സാംസ്കാരികമായി ഉചിതവുമായ ഒരു തന്ത്രമാണ് റൈസ് ഫോർട്ടിഫിക്കേഷൻ. നെല്ല് വ്യവസായത്തിന്‍റെ ഘടന, ശേഷി, വിതരണ ശൃംഖലയുടെ സങ്കീർണ്ണത, നിയന്ത്രണ അന്തരീക്ഷം എന്നിങ്ങനെ വ്യതിയാനമുള്ള തരം ഘടകങ്ങള്‍ അനുസരിച്ചാണ് ഫോർട്ടിഫിക്കേഷന്‍റെ ചെലവ് നിർണ്ണയിക്കുന്നത്.
വിളവെടുപ്പിനു ശേഷമുള്ള ഘട്ടത്തിൽ അരിയിലുള്ള വിറ്റാമിനുകളും ധാതുക്കളും മില്ലിംഗ്, പോളിഷിംഗ് പ്രക്രിയയിൽ നഷ്ടപ്പെടും. ഇന്ത്യൻ ജനസംഖ്യയുടെ 65 ശതമാനം പേരുടെയും അതായത് ഏറ്റവും ദുർബലരും ദരിദ്രരുമായ വിഭാഗത്തിന്‍റെ പ്രധാന ഭക്ഷണമായതിനാൽ, ഫോര്‍ട്ടിഫൈഡ് അരിക്ക് സാധ്യത ഏറെയാണ്.
പ്ലാസ്റ്റിക്ക് അരിയെ കുറിച്ചുള്ള വാദം ഫോര്‍ട്ടിഫിറ്റ് ന്യൂട്രിഷന്‍ കമ്പനി തള്ളിയിരുന്നു.

എഫ്എസ്എസ്എഐ മിത്ത് ബസ്റ്റേഴ്സ് വിഭാഗത്തിൽ പ്ലാസ്റ്റിക് അരി എന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക്ക് അരി നിര്‍മ്മാണത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മുമ്പ് പ്രചരണം നടന്നപ്പോള്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തുകയും ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു:
പ്ലാസ്റ്റിക് കൊണ്ട് അരിയുണ്ടാക്കുന്ന വീഡിയോ സത്യമോ…?
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഫോര്‍ട്ടിഫൈഡ് അരി നിർമ്മാണ പ്രക്രിയയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്ലാസ്റ്റിക്ക് അരി നിര്‍മ്മാണത്തിന്‍റെതല്ല. ലോകത്ത് ഒരിടത്തും ഇതുവരെ പ്ലാസ്റ്റിക്ക് അരി പിടികൂടിയതായി വിശ്വസനീയമായ വാര്‍ത്തകളില്ല. ആയി പങ്കിടുന്നു.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ദൃശ്യങ്ങളില്‍ കാണുന്നത് പ്ലാസ്റ്റിക്ക് അരിയല്ല, ഫോര്‍ട്ടിഫൈഡ് അരി നിര്‍മ്മാണ പ്രക്രീയയാണ്…
Written By: Vasuki SResult: False
