ഖമേനിയുടെ മരണശേഷം ഇറാനില്‍ നടന്ന ആഘോഷം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

Misleading അന്തര്‍ദേശീയം | International

ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തിയതിന് ബദലായി അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്. സംഘർഷത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 2026 ഫെബ്രുവരി 28 ന് കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇറാന്‍ അനുകൂലികളും പ്രതികൂലികളും സാമൂഹ്യ മാധ്യമങ്ങളില്‍ മത്സരിച്ച് പ്രചാരണങ്ങള്‍ നടത്തുകയാണ്. ഖമേനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ നടക്കുന്ന ആഘോഷം എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഒരു പെണ്‍കുട്ടി ആവേശപൂര്‍വ്വം ബൈ ബൈ ഖമേനി എന്ന് മുദ്രാവാക്യം വിളിക്കുന്നതും ഒത്തുകൂടിയ പുരുഷാരം ഇറാന്‍ പതാകകള്‍ വീശി ആവേശത്തോടെ ഏറ്റു ചൊല്ലുന്നതും കാണാം. ഖമേനിയുടെ മരണശേഷം ഇറാനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അതെ സമയം അങ്ങ് ഇറാനിലെ തെരുവിൽ Bye bye khamanei വിളിച്ചു സ്വാതന്ത്ര്യം ആഘോഷം ആക്കുന്ന ഇറാനിയൻ ജനത 💃🏻🥰🔥ഏതെങ്കിലും മലയാള വേശ്യാ മാപ്രകൾ നിങ്ങളെ അറിയിച്ചോ രാജീവ്‌ ചന്ദ്ര ശേഖർ എന്ന എമ്പോക്കിയുടെ ചാനൽ പോലും 🤔

FB postarchived link

എന്നാല്‍ ദൃശ്യങ്ങള്‍ ഖമേനിയുടെ മരണത്തിനു മുമ്പുള്ളതാണെന്നും ഇറാനിലെതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

വീഡിയോയില്‍ PARS PICTURES എന്ന വാട്ടര്‍ മാര്‍ക്ക് കാണാം. ഇതെപ്പറ്റി കൂടുതല്‍ തിരഞ്ഞപ്പോള്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള PARS PICTURES എന്ന ഇന്സ്ടഗ്രാം പേജ് ലഭിച്ചു. ഇതേ വീഡിയോയുടെ ദൈര്‍ഘ്യമുള്ള പതിപ്പ് 2026 ഫെബ്രുവരി 15 ന് പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഖമേനി കൊല്ലപ്പെട്ടത് ഫെബ്രുവരി 28 നായിരുന്നു. PARS PICTURES നല്‍കിയ വീഡിയോയുടെ അടിക്കുറിപ്പ് പ്രകാരം ഇത് ഇറാന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഓസ്ട്രേലിയയുടെ തലസ്ഥാനമായ മെല്‍ബോണില്‍ നടന്ന പ്രകടനമാണ്. പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇതേ വീഡിയോ പലരും പങ്കുവച്ചിട്ടുണ്ട്. പ്രകടനത്തെ കുറിച്ച് ചില വാര്‍ത്തകള്‍  അന്വേഷണത്തില്‍ ലഭിച്ചു. 

വീണ്ടും തിരഞ്ഞപ്പോള്‍ ഇറാന്‍ അനുകൂല പ്രകടനം നടത്തിയത് മെല്‍ബോണില്‍ സ്ഥിതിചെയ്യുന്ന പാര്‍ലമെന്‍റ്  മന്ദിരത്തിന് മുന്നിലാണ് എന്ന അടിക്കുറിപ്പില്‍ പോസ്റ്റ്‌ ചെയ്ത മറ്റു ചില സമാന പോസ്റ്റുകള്‍ ലഭിച്ചു. വൈറല്‍ വീഡിയോയില്‍ കാണുന്ന അതേ കെട്ടിടങ്ങള്‍ ഇതിലും കാണാം. 

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ നോക്കിയപ്പോള്‍ ഇതേ സ്ഥലവും കെട്ടിടങ്ങളും മെല്‍ബോണില്‍ കാണാന്‍ സാധിച്ചു. 

പാര്‍ലമെന്‍റ് മന്ദിരവും പരിസരവും ഗൂഗിള്‍ മാപ്പില്‍ വ്യക്തമായി കാണാം. വൈറല്‍ വീഡിയോയില്‍ കാണുന്ന അതേ സ്ഥലം തന്നെയാണിത്.

നിഗമനം 

ഖമേനിയുടെ മരണശേഷം ഇറാനില്‍ നടക്കുന്ന ആഘോഷം എന്ന് പ്രചരിപ്പിക്കുന്നത് ഓസ്ട്രേലിയയിലെ മെല്‍ബോണില്‍ ഇറാനിയന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഫെബ്രുവരി 15 ന് (ഖമേനി കൊല്ലപ്പെട്ടത് 28 നായിരുന്നു) നടത്തിയ പ്രകടനത്തിന്‍റെ ദൃശ്യങ്ങളാണ്. ഇറാനിലേതല്ല. 

ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: ഖമേനിയുടെ മരണശേഷം ഇറാനില്‍ നടന്ന ആഘോഷം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

Fact Check By: Vasuki S

Result: Misleading