ഇസ്രയേല്‍- പാലസ്തീന്‍ സംഘര്‍ഷം ഇരു രാജ്യങ്ങളിലേയും നിരപരാധികളായ പതിനായിരങ്ങളുടെ ജീവനെടുത്തുകൊണ്ട് തുടരുകയാണ്. ഇസ്രയേല്‍ ഗാസയില്‍ ഭക്ഷണത്തിനും മരുന്നിനും പോലും പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ജനജീവിതം ഏറെ ദുസ്സഹമാണെന്ന് വാര്‍ത്തകള്‍ അറിയിക്കുന്നു. ഇതിനിടെ ഇസ്രയേല്‍ പ്രതിരോധ മന്ത്രിയെ ഹമാസ് പിടികൂടിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

പ്രചരണം

വീഡിയോയിൽ, ഏതാനും സെക്യൂരിറ്റി ഗാർഡുകൾ ഒരു വ്യക്തിയെ കൈവിലങ്ങുമായി കൊണ്ടുപോകുന്നത് കാണാം. ഇസ്രായേലി പ്രതിരോധ മന്ത്രിയാണിത് എന്ന എഴുത്ത് ദൃശ്യങ്ങളുടെ മുകളില്‍ കാണാം. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇസ്രായേൽ പ്രതിരോധമന്ത്രിയെ ഹമാസ് പിടികൂടി,,, അറസ്റ്റ് ചെയ്തു...”

FB postarchived link

എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. അസർബൈജാനിൽ നിന്നുള്ള ഈ ദൃശ്യങ്ങള്‍ക്ക് ഇസ്രായേൽ-പലസ്തീൻ യുദ്ധവുമായി യാതൊരു ബന്ധവുമില്ല.

വസ്തുത ഇതാണ്

വീഡിയോയിലെ സുരക്ഷാ ജീവനക്കാരുടെ യൂണിഫോമിൽ ‘ഡിടിഎക്സ്’ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഈ സൂചന ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ അസർബൈജാൻ റിപ്പബ്ലിക്കിന്‍റെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിന്‍റെ സർക്കാർ വെബ്‌സൈറ്റ് ലഭിച്ചു. വെബ്‌സൈറ്റിൽ, വൈറലായ വീഡിയോയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ധരിച്ചിരുന്ന അതേ യൂണിഫോം ധരിച്ച കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രം ഞങ്ങൾ കണ്ടെത്തി.

വൈറൽ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ച വെബ്‌സൈറ്റുകളില്‍ ഒന്നില്‍ , വീഡിയോ ദൃശ്യങ്ങളില്‍ നിന്നുള്ള ഒരു ചിത്രം 2023 ഒക്ടോബർ 5-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ഇത് അസർബൈജാനിൽ നിന്നുള്ള ചിത്രമാണ്. കരാബാക്ക് മേഖലയിൽ പ്രവർത്തിക്കുന്ന അർമേനിയൻ സായുധ സംഘങ്ങൾ നടത്തിയ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് ഒരു ക്രിമിനൽ കേസ് അന്വേഷിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ നിന്നുള്ള വീഡിയോ ആണിത്. അല്ലാതെ ഇസ്രയേല്‍ പ്രതിരോധ മന്ത്രിയെ ഹമാസ് പിടികൂടിയതല്ല.

അർക്കാഡി ഘുകസ്യാൻ, ബാക്കോ സഹക്യാൻ [കറാബാക്കിലെ വിഘടനവാദി ഭരണകൂടത്തിന്‍റെ മുൻ പ്രസിഡന്‍റ്], ഡേവിഡ് ഇഷ്ഖന്യാൻ [കറാബാക്കിലെ "പാർലമെന്‍റ്" സ്പീക്കർ] എന്നിവർ സായുധ സംഘങ്ങളുടെ രൂപീകരണത്തിലും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും പങ്കാളികളാണെന്ന് കണ്ടെത്തി.

ഇസ്രയേല്‍ പ്രതിരോധമന്ത്രിയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ ഹാമാസ് തീവ്രവാദ ഗ്രൂപ്പിനെതിരെ ഇസ്രായേൽ ഗാസ സ്ട്രിപ്പില്‍ "പൂർണ്ണ ഉപരോധ" ആജ്ഞാപിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി യോഗന്റ് അറിയിച്ചു എന്ന തലക്കെട്ടില്‍ ടൈംസ് ഓഫ് ഇസ്രയേല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു.

"ഗാസ സ്ട്രിപ്പിൽ പൂർണ്ണ ഉപരോധം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വൈദ്യുതി ഉണ്ടാകില്ല, ഭക്ഷണവും ഇന്ധനവും ഇല്ല, എന്നാല്‍ എല്ലാം അടച്ചിട്ടില്ല, "ബീർഷെബയിലെ ഐഡിഎഫ് സതേൺ കമാൻഡിലെ ഒരു വിലയിരുത്തലിനുശേഷമാന് തീരുമാനം. "ഞങ്ങൾ മനുഷ്യ മൃഗങ്ങളെ പ്രതിരോധിക്കുന്നു, ഞങ്ങൾ അതനുസരിച്ച് പ്രവർത്തിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർക്കുന്നു” എന്നാണ് റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. ഇസ്രയേല്‍ പ്രതിരോധ മന്ത്രിയെ ഹമാസ് പിടികൂടിത്തതായി ഇതുവരെ വാര്‍ത്തകളൊന്നുമില്ല.

ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗലാന്‍റ് ഗാസ-ഇസ്രയേല്‍ അതിര്‍ത്തി മറ്റ് ഉദ്യോഗസ്ഥരോടൊപ്പം സഞ്ചരിക്കുന്ന ചിത്രം ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്കിയിട്ടുണ്ട്.

ഗലാന്‍റിന്‍റെ ചിത്രം താഴെ കാണാം.

DTX ഔദ്യോഗിക യുട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്‌ത ഇതേ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് ചുവടെ കാണാം:

നിഗമനം

പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റാണ്. വൈറലായ വീഡിയോ അസർബൈജാനിൽ നിന്നുള്ളതാണ്, ഇസ്രായേൽ-പലസ്തീൻ യുദ്ധവുമായി ബന്ധപ്പെട്ടതല്ല. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതികളെ അസർബൈജാൻ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളാണിത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇസ്രയേല്‍ പ്രതിരോധമന്ത്രിയെ ഹമാസ് അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്...

Written By: Vasuki S

Result: False