
ഉത്തർപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥർ ഒരു സ്ത്രീയെ ബൈക്കിൽ ഇരുത്തി തട്ടി കൊണ്ട് പോകുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പോലീസ് ഉദ്യോഗസ്ഥർ അബോധാവസ്ഥയിലുള്ള ഒരു സ്ത്രീയെ ബൈക്കിൽ ഇരുത്തി കൊണ്ട് പോകാൻ ശ്രമിക്കുന്നത് നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ ധർമ്മസ്ഥല..! സാധാരണക്കാരായ സ്ത്രീകളെയും ദളിത് കുഞ്ഞുങ്ങളേയുമൊക്കെ കൊന്ന് കുഴിച്ചിടുന്നതും കത്തിക്കുന്നതും അങ്ങ് UP യിലൊക്കെ ഒരു സാധാരണ കാര്യമാണ്.. ചിലർ ഇവിടേ പറ്റില്ലെന്ന് പറയും.. അപ്പൊ ആളില്ലാത്ത വേറൊരു സ്ഥലത്ത് കൊണ്ട് പോയി കുഴിച്ചിടും.. ഉത്തർപ്രദേശ് 👇 03/08/2025”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോ പരിശോധിച്ചപ്പോൾ വീഡിയോയിൽ കള്ളിനെ കുറിച്ചാണ് ഇവർ സംസാരിക്കുന്നത് എന്ന് മനസിലാകുന്നു. ഒരു സ്ത്രീയെ മർദിച്ചത് എങ്ങനെ? എന്ന് വീഡിയോ ഷൂട്ട് ചെയ്യുന്ന വ്യക്തി ചോദിക്കുന്നു. വീഡിയോയിൽ ഇയാൾ പോലീസുകാരുടെ പേരും പറയുന്നുണ്ട്. എസ്.ഐ. ലാൽചന്ദ്, മെഹ്ബൂബ് എന്നാണ് ഇവരുടെ പേരുകൾ. വീഡിയോയിൽ ഒരു ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് കാണുന്നുണ്ട്.
RJ 40 എന്ന RTO കോഡ് രാജസ്ഥാനിലെ ഭിവാഡിയുടെതാണ്. ഞങ്ങൾ ഈ വിവരങ്ങൾ വെച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് NDTV രാജസ്ഥാൻ ഈ സംഭവത്തെ കുറിച്ച് പ്രസിദ്ധികരിച്ച വാർത്ത ലഭിച്ചു.
വാർത്ത വായിക്കാൻ – NDTV | Archived Link
4 ഓഗസ്റ്റ് 2025ന് പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം വീഡിയോയിൽ കാണുന്ന സംഭവം രാജസ്ഥാനിലെ അൽവർ ജില്ലയിലെ ഭിവാഡിയിലേതാണ്. കൃഷിഭൂമിയിൽ പണിയെടുക്കുന്ന സ്ത്രീകളെയും കുട്ടികളെയും പോലീസ് മർദിച്ചു കൂടാതെ ഇതിൽ ഒരു സ്ത്രീ അബോധാവസ്ഥയിലായി എന്ന് വാർത്തയിൽ പറയുന്നു. കൂടെ പണിയെടുക്കുന്ന ഒരു യുവാവും അയാളുടെ മകനും വീഡിയോയുണ്ടാക്കി ഇവരെ നിർത്താൻ ശ്രമിച്ചപ്പോൾ അവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൻ്റെ വീഡിയോ വൈറൽ ആയതിന് ശേഷം ഗ്രാമവാസികൾ അൽവർ ഭിവാഡി മെഗാ ഹൈവേ ജാം ആക്കി. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ ഗ്രാമവാസികൾ ആവശ്യപ്പെട്ടു.
ഇതേ കാര്യം രാജസ്ഥാനിലെ പ്രമുഖ മാധ്യമം പത്രിക പ്രസിദ്ധികരിച്ച വാർത്തയിൽ നിന്ന് വ്യക്തമാകുന്നു. പത്രികയിൽ പോലീസിൻ്റെ പ്രതികരണമുണ്ട്. സംഭവം നടന്ന ഷേഖ്‌പുർ അഹിർ പോലീസ് സ്റ്റേഷനിലെ SHO ലോകേഷ് മീന പ്രകാരം, “അനധികൃത മദ്യം വില്‍ക്കുന്നവരെ പിടിക്കാൻ ഒരു പോലീസ് സംഘം ഷേഖ്‌പുർ അഹിറിൽ എത്തി. ഇവിടെ ഔർ കൃഷിഭൂമിയിൽ ഇവർ ഉണ്ട് എന്നായിരുന്നു ഇവർക്ക് ലഭിച്ച വിവരം. പക്ഷെ ഇവർ എത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപെട്ടു പക്ഷെ കൃഷിഭൂമിയിൽ പണി എടുക്കുന്ന ഒരു സ്ത്രീ അബോധാവസ്ഥയിലായി. ഈ സ്ത്രീയെ ആശുപത്രിയിൽ കൊണ്ട് പോകാനാണ് പോലീസ് ശ്രമിച്ചത്. ഈ സമയത്ത് അവിടെ വനിത പോലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.”
നിഗമനം
ഉത്തർപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീയെ ബൈക്കിൽ ഇരുത്തി തട്ടി കൊണ്ട് പോകുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് രാജസ്ഥാനിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:രാജസ്ഥാനിൽ പോലീസ് ഒരു സ്ത്രീയെ ബൈക്കിൽ കൊണ്ട് പോകാൻ ശ്രമിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ ഉത്തർ പ്രദേശിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: Misleading
