‘മാപ്പ് പറയാന്‍ തന്‍റെ പേര് സന്ദീപ് സവര്‍ക്കര്‍ എന്നല്ലായെന്ന്’ സന്ദീപ് വാര്യര്‍ ട്വീറ്റ് ചെയ്തോ? പ്രചരണം വ്യാജം; വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

മാതൃഭൂമി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ‘ക’ എന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവനയും അതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കോണ്‍ഗ്രസ് നേതാവ് എം.എം.ഹസനും നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തെ ഒറ്റിക്കൊടുത്തതിന് ബ്രിട്ടീഷുകാര്‍ നല്‍കിയ പണം ഉപയോഗിച്ചാണ് ദേശാഭിമാനി പത്രം തുടങ്ങിയതെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രസ്താവന. 

ഇതിനെ രൂക്ഷമായ ഭാഷയിലാണ് എം.വി.ഗോവിന്ദനും എം.എം.ഹസനും മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ദേശാഭിമാനി ഇപ്പോള്‍ സന്ദീപ് വാര്യര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ദേശാഭിമാനി പുറത്തിറക്കിയ ന്യൂസ് കാര്‍ഡ് എക്‌സില്‍ പങ്കുവെച്ച് സന്ദീപ് വാര്യര്‍ ഇങ്ങനെ പറഞ്ഞു എന്നതാണ് ഇപ്പോഴത്തെ പ്രചരണം – മാപ്പ് പറയാന്‍ എന്‍റെ പേര് സന്ദീപ് സവര്‍ക്കര്‍ എന്നല്ലാ.. എന്ന സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.

പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ ഉണ്ണി പ്രണവം രാജേഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 274ല്‍ അധികം റിയാക്ഷനുകളും 30ല്‍ അധികം ഷെയറുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്- 

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സന്ദീപ് വാര്യര്‍ ഇത്തരത്തിലൊരു ട്വീറ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

സന്ദീപ് വാര്യരുടെ എക്‌സ് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും ദേശാഭിമാനിയുടെ ന്യൂസ് കാര്‍ഡ് പങ്കുവെച്ച് അദ്ദേഹം പ്രതികരണം പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ അതിന് നല്‍കിയ തലക്കെട്ട് മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയല്ലാ.. എന്നാണ്. സ്ഥിരീകരിക്കാനായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം സന്ദീപ് വാര്യരുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്നത് വ്യാജമായി എഡിറ്റ് ചെയ്ത സ്ക്രീന്‍ഷോട്ടാണെന്ന് അദ്ദേഹം പ്രതികരിച്ചു.

സന്ദീപ് വാര്യര്‍ യഥാര്‍ത്ഥത്തില്‍ പങ്കുവെച്ച ട്വീറ്റ്-

X – Link 

നിഗമനം

സന്ദീപ് വാര്യര്‍ പങ്കുവെച്ച ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുാമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:‘മാപ്പ് പറയാന്‍ തന്‍റെ പേര് സന്ദീപ് സവര്‍ക്കര്‍ എന്നല്ലായെന്ന്’ സന്ദീപ് വാര്യര്‍ ട്വീറ്റ് ചെയ്തോ? പ്രചരണം വ്യാജം; വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: Altered