
കെഎസ്ആർടിസിയുടെ തെരഞ്ഞെടുത്ത ഏഴു തരം ബസുകളിൽ കേരളത്തിലെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പൂർണ്ണമായും സൗജന്യ യാത്ര ഉറപ്പാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്‍റെ പ്രമുഖ പദ്ധതിയാണ് പ്രിയദർശിനി സൗജന്യ യാത്ര. യു.ഡി.എഫിന്‍റെ ‘ഇന്ദിരാ ഗ്യാരണ്ടി’ വാഗ്ദാനങ്ങളുടെ ഭാഗമായി 2026 ജൂൺ 15-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ ആനുകൂല്യം സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായും ലഭിക്കാതിരിക്കാന്‍ ഓര്‍ഡിനറി ബസുകളില്‍ സിറ്റി ഫാസ്റ്റ് എന്ന പോസ്റ്റര്‍ ഒട്ടിക്കുന്നു എന്നൊരു വാര്‍ത്ത ഇതിന് ശേഷം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രചരണം
“പറ്റിക്കൽ തുടങ്ങി
KSTRC യിൽ സൗജന്യം നൽകാതിരിക്കാൻ ഓർഡിനറി ബസ്സുകളിൽ സിറ്റി ഫാസ്റ്റ് എന്ന പോസ്റ്റർ ഒട്ടിക്കുന്നു” എന്ന വാചകങ്ങളും CITY FAST എന്ന സ്റ്റിക്കർ വെള്ളയും നീലയും നിറത്തിലുള്ള ബസ്സിൽ ഒട്ടിച്ചതിന്‍റെ ചിത്രവുമാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ ഉള്ളത്.

എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ പ്രചരണമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രിയദർശിനി പദ്ധതി പ്രകാരം അനുവദനീയമായ വിഭാഗത്തിലെ ബസ്സുകളിലെല്ലാം സ്ത്രീകൾക്ക് യാത്ര പൂര്‍ണ്ണമായും സൗജന്യമാണ്. സ്ത്രീകൾക്കുള്ള ഈ സൗജന്യയാത്ര പദ്ധതിയിൽ ഉൾപ്പെട്ട ബസ്സുകൾ തിരിച്ചറിയുന്നതിനായി ഇവയുടെ മുൻവശത്തും ഡോറുകൾക്ക് സമീപത്തായും പ്രിയദര്‍ശിനി സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിൽ ഉള്ളവയായാതിനാല്‍ യാത്രക്കാർക്ക് ഇവ തമ്മിൽ മാറിപ്പോകാതിരിക്കാൻ പ്രിയദർശനിയുടെ ഉദ്ഘാടന ദിവസം മുതൽ തന്നെ ഫാസ്റ്റ് ബസുകളിൽ CITY FAST എന്ന സ്റ്റിക്കർ പതിപ്പിച്ചു തുടങ്ങിയിരുന്നു. തിരുവനന്തപുരം നഗരത്തിൽ മാത്രമാണ് സംസ്ഥാനത്ത് ഓർഡിനറി സർവീസുകൾക്കൊപ്പം സിറ്റി ഫാസ്റ്റ് സർവീസുകളും വ്യാപകമായി പ്രവർത്തിക്കുന്നത്. സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ വിശദാംശങ്ങള്‍ കെഎസ്ആര്‍ടിസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
സൗജന്യയാത്ര പദ്ധതിക്കെതിരായി സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് കെ.എസ്.ആർ.ടി.സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഓർഡിനറിയിൽ നിന്ന് വ്യത്യസ്തമാണ് സിറ്റി ഫാസ്റ്റ് ബസുകളിലെ നിരക്ക് ഘടന. ഓർഡിനറി സർവ്വീസുകളിൽ നിലവിൽ മിനിമം ചാർജ് 10 രൂപയും കിലോമീറ്ററിന് 1 രൂപയുമാണ്. സിറ്റിഫാസ്റ്റ് സർവീസിൽ മിനിമം ചാർജ് 12 രൂപയും കിലോമീറ്ററിന് 1.03 രൂപയുമാണ്. സിറ്റി ഫാസ്റ്റ് സർവീസുകൾ താരതമ്യേന സ്റ്റോപ്പുകളുടെ എണ്ണം കുറവായതിനാൽ യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കും. നിരക്ക് വ്യത്യാസം ഉള്ളതിനാൽ സിറ്റി ഫാസ്റ്റ് സർവീസുകൾ ഓർഡിനറി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
നിഗമനം
സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി സൌജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം പൂര്‍ണ്ണമായി നല്‍കാതിരിക്കാന്‍ ഓര്‍ഡിനറി ബസുകളില്‍ സിറ്റി ഫാസ്റ്റ് എന്ന പോസ്റ്റര്‍ ഒട്ടിക്കുന്നു എന്ന പ്രചരണം തെറ്റാണ്. ഓർഡിനറിയിൽ നിന്ന് വ്യത്യസ്തമാണ് സിറ്റി ഫാസ്റ്റ് ബസുകളിലെ നിരക്ക് ഘടന. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിൽ ഉള്ളവയായാതിനാല്‍ യാത്രക്കാർക്ക് ഇവ തമ്മിൽ മാറിപ്പോകാതിരിക്കാനാണ് ബസുകളില്‍ സിറ്റി ഫാസ്റ്റ് സ്റ്റിക്കര്‍ ഒട്ടിച്ചതെന്നു കെഎസ്ആര്‍ടിസി വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




