
റമദാന്‍ കാലത്ത് ഉണ്ടായേക്കാവുന്ന തട്ടിപ്പിനെതിരെ കേരള പൊലീസ് മുന്നറിയിപ്പ് എന്ന തരത്തില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.
പ്രചരണം
റമദാന്‍ കാലത്ത് ഉത്തരേന്ത്യയില്‍ നിന്ന് യാചകരെത്തുമെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. സന്ദേശം ഇങ്ങനെ: “കേരള പൊലീസ് അറിയിപ്പ്
പ്രത്യേകം ജാഗ്രത പാലിക്കുക.
ഈ റമദാൻ മാസത്തിൽ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്. ഇവർ കൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവർക്ക് കൊടുക്കരുത്. സ്ത്രീകൾ മാത്രം ഉള്ള വീട്ടിൽ ഇവർ വന്നാൽ വാതിൽ തുറക്കാതെ അവരെ പറഞ്ഞു വിടുക.
പൊലീസ് പ്രകാരം ഒരാഴ്ച്ചക്കിടയിൽ കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങിയ അന്യ സംസ്ഥാനക്കാർ ഒരു ലക്ഷത്തോളം ഉണ്ടെന്നാണ് കണക്കുകൾ.
ഇവരുടെ ഒഴുക്ക് കൂടാനുള്ള കാരണം അന്വേഷിച്ചപ്പോൾ കണ്ടെത്തിയത്, റമദാൻ പൊലീസ് മാസത്തിൽ യാചിക്കാനും റമദാനിൽ നോമ്പെടുത്തു അവശരായവരെ കീഴ്പെടുത്തി കവർച നടത്താനുമാണെന്നാണ്.
യാചകരെ അകറ്റുക! വീടും പരിസരവും സുരക്ഷിതമാക്കുക!!”

പ്രചരിക്കുന്ന നോട്ടീസില്‍ കേരള പൊലീസിന്‍റെ എംബ്ലവും സീലും കാണാം. എന്നാല്‍ സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേരള പൊലീസ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
വസ്തുത ഇതാണ്
സന്ദേശത്തെ കുറിച്ച് തിരഞ്ഞപ്പോള്‍ ഇതേ സന്ദേശം 2018 മുതല്‍ പ്രചരിക്കുന്നുണ്ട് എന്ന് കണ്ടു. 2018ലും 2019ലും കേരള പൊലീസ് ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയിരുന്നു. 2019ല്‍ സംസ്ഥാന പൊലീസ് മേധാവി ഇത് വ്യാജപ്രചാരണമാണെന്ന് വ്യക്തമാക്കിയിരുന്നു.
ഇത് വ്യാജ സന്ദേശമാണെന്ന് വ്യക്തമാക്കി 2018ലും 2019ലും വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. മനോരമ ഓണ്‍ലൈന്‍ 2018ല്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ സംസ്ഥാന പോലിസ് മീഡിയ സെല്ലുമായി ബന്ധപ്പെട്ടു. വ്യാജ പ്രചരണം മാത്രമാണ് ഇതെന്ന് അവിടെ നിന്നും ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇതേ സന്ദേശം വൈറലായിരിക്കുകയാണ്. റമദാന്‍ മാസത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് യാചകരുടെ വേഷത്തില്‍ ക്രിമിനലുകള്‍ എത്തുമെന്ന സന്ദേശം കേരള പൊലീസ് പങ്കുവച്ചിട്ടില്ല.
നിഗമനം
റമദാന്‍ മാസത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് യാചകരുടെ വേഷത്തില്‍ ക്രിമിനലുകള്‍ എത്തുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേരള പോലിസ് നല്‍കിയ മുന്നറിയിപ്പ് എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. ഇങ്ങനെയൊരു മുന്നറിയിപ്പ് കേരള പോലിസ് നല്‍കിയിട്ടില്ല.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:റമദാന്‍ കാലത്ത് ഉത്തരേന്ത്യന്‍ യാചകര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലിസ്- പ്രചരിക്കുന്നത് വ്യാജ സന്ദേശം…
Fact Check By: Vasuki SResult: False



