
മുഖ്യമന്ത്രി വിജയൻ റോഡിലൂടെ കടന്നു പോകുന്നത് 28 ഉടമ്പടി വാഹനങ്ങളുടെ പിന്തുണയോടെ എന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വീഡിയോയില്‍ കാണുന്ന മന്ത്രിയുടെ വാഹനത്തെ അകമ്പടി സേവിക്കുന്ന വാഹന വ്യൂഹത്തിലെ വാഹനങ്ങള്‍ ഒരാള്‍ എന്നി തിട്ടപെടുത്തുന്ന മറ്റൊരു വീഡിയോ ആണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് കടന്നു പോകുന്ന ദൃശ്യങ്ങളാണ് എന്ന് അയാള്‍ വിശദീകരിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയാല്‍ ഇങ്ങനെ കാണിക്കരുത് എന്നും വീഡിയോയില്‍ അഭ്യര്‍ഥിക്കുന്നു: “ഈ വീഡിയോ VDS ന് എത്തിച്ചു കൊടുക്കുമോ എന്നിട്ട് അദ്ദേഹത്തോട് ഇതുപോലെയുള്ള ആർഭാടം കാണിക്കരുതെന്ന്”
എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നത് മുഖ്യമന്ത്രി അല്ലെന്നും പ്രധാനമന്ത്രിയുടെ വാഹനവ്യാഹമാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ സമാന ദൃശ്യങ്ങള്‍ 2024 ഓഗസ്റ്റ് 10 ന് റിപ്പോർട്ടർ ടിവി നല്‍കിയിരിക്കുന്നത് ലഭിച്ചു. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 10ന് സന്ദർശിക്കുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ദൃശ്യങ്ങള്‍ ഉള്ളത്.
കൽപ്പറ്റയിൽ എയർഫോഴ്സ് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷം പ്രധാനമന്ത്രി റോഡ് മാർഗ്ഗം ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ പോയതിനെ കുറിച്ച് മറ്റ് മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അപ്പോഴത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, മന്ത്രിമാർ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ഹെലികോപ്റ്ററിൽ നിന്നിറങ്ങിയ പ്രധാനമന്ത്രി വാഹനത്തിൽ കയറുന്നത് മുതല്‍ ദൃശ്യങ്ങള്‍ 24 ന്യൂസ് റിപ്പോർട്ടിലുണ്ട്.
ഇന്റർസെപ്റ്റർ വാഹനം റിപ്പോര്‍ട്ടില്‍ കാണാം. കറുപ്പ് നിറത്തിലുള്ള ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനത്തിലാണ് മോദി യാത്ര ചെയ്യുന്നത് എന്ന് റിപ്പോർട്ടിൽ വ്യക്തമാണ്.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ആഗസ്റ്റ് 9 2024ന് നടത്തിയ ട്രയൽ റണ്ണിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജനം ടിവി കൊടുത്തിട്ടുണ്ട്.

കറുപ്പ് നിറത്തിലുള്ള ടൊയോട്ട ലാൻഡ് ക്രൂയിസർ കാറും ഇന്റര്‍സെപ്റ്റർ ദൃശ്യങ്ങളില്‍ കാണാം. റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ഒരുക്കുന്ന ക്രമീകരണങ്ങൾ വിവരിക്കുന്നുണ്ട്.
വയനാട്ടിൽ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്ന് പോവുമ്പോൾ എന്ന പേരിൽ ഇതേ വീഡിയോ പങ്ക് വെച്ച യുട്യൂബ് ചാനല്‍ ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ ലഭിച്ചു.

നിഗമനം
മുഖ്യമന്ത്രി പിണറായി വിജയന് 28 വാഹനങ്ങളുടെ അകമ്പടിയോടെ കേരളത്തില്‍ സഞ്ചരിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പ്രധാനമന്ത്രി 2024 ഓഗസ്റ്റ് 10 ന് വയനാട് ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ വാഹനവ്യൂഹത്തോടൊപ്പം കടന്നുപോയ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




