എപ്പിഡ്യൂറൽ അനാൽജീസിയ … സത്യവും മിഥ്യയും

ആരോഗ്യം

വിവരണം

archived link FB post

“ലോകത്തിലെ ഏറ്റവും മാരകവും അപകടം പിടിച്ചതുമായ ഇഞ്ചക്ഷനുകളിലൊന്നാണ് എപ്പിഡ്യൂറൽ… പക്ഷെ അമ്മമാർക്ക് ഇത് ഇൻജക്‌ട് ചെയ്തേ പറ്റൂ.. തന്റെ കുഞ്ഞിനെ ലോകം കാണിക്കാൻ വേണ്ടി….” ഈ വിവരണവുമായി ആരോഗ്യം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന പോസ്റ്റിന് 874 ഷെയറുകൾ ഇതോടകം ലഭിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് പ്രസവ സമയത്ത് എടുക്കുന്ന ഇഞ്ചക്ഷനാണിതെന്നും ഇതിന്റെ പരിണിത ഫലമായി 40 വയസ്സിനു ശേഷം തുടർച്ചയായ നടുവേദനയും ഒരേസമയം തുടർച്ചയായി നിൽക്കാനോ ഇരിക്കാനോ പറ്റാത്ത സ്ഥിതി വരുമെന്നും പോസ്റ്റിൽ വാദഗതിയുണ്ട്. ഓരോ അമ്മയും തന്റെ കുഞ്ഞിന് വേണ്ടി ഇത്രയും ത്യാഗം സഹിക്കുന്നുണ്ട് എന്നു പറയുകയാണ് പോസ്റ്റിന്റെ ഉദ്ദേശം.  പോസ്റ്റിൽ ഉന്നയിക്കുന്ന വാദഗതികൾ ശരിയാണോ എന്ന് നമുക്ക് വിശദമായി അന്വേഷിച്ചു നോക്കാം

വസ്തുതാ പരിശോധന

പോസ്റ്റിലെ വാദഗതികൾ ഇവയാണ്. (1) ഏറ്റവും മാരകവും അപകടം പിടിച്ചതുമായ ഇൻജെക്ഷനാണ് എപ്പിഡ്യൂറൽ. (2) പരിണിതഫലമായി 40 വയസ്സിനു ശേഷം തുടർച്ചയായ നടുവേദനയും ഒരസ്ഥിതിയിൽ നിൽക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയുണ്ടാകും. ഈ പോസ്റ്റിനു അനസ്തേഷ്യോളജിസ്റ്റായ ഡോ. പല്ലവി ഗോപിനാഥൻ തൻറെ ഫേസ്‌ബുക്ക് പേജിലൂടെ മറുപടി വിശദമായി നൽകിയിട്ടുണ്ട്. പോസ്റ്റ് താഴെ കൊടുക്കുന്നു.

archived link dr. pallavi gopinathan FB page

archived link info clinic FB page

കൂടാതെ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിച്ചാൽ എപ്പിഡ്യൂറലിന്റെ യഥാർത്ഥ ചിത്രം വായനക്കാർക്ക് കാണാൻ സാധിക്കുന്നതാണ്.   

archived link wikipedia – epidural
archived link pravasini
archived link manorama news – anaesthesia
archived link manorama news – pregnancy
archived link daily hunt
archived link malayalam pdf
archived link web MD

ഇന്ത്യൻ  സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്സ് കേരള ചാപ്റ്റർ ഗവണിങ് കൗൺസിൽ മെമ്പറും കോട്ടയത്ത്  അനസ്‌തേഷ്യോളജിസ്റ്റുമായ  ഡോ. കോയക്കുട്ടി പി എം നോട് ഇതേപ്പറ്റി ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണം ഇപ്രകാരമാണ് : ”  മരവിപ്പിച്ചിട്ടു ചെയ്യേണ്ടുന്ന ശാസ്ത്രക്രീയകൾക്ക് അതായത് വയറിന്റേതോ കാലിന്റേതോ ചെയ്യുമ്പോൾ ഉപയോഗിക്കുന്നതാണ്. ലോകമെമ്പാടും ചികിത്സാ രീതിയുണ്ട്. ഇതിനു പാർശ്വഫലങ്ങൾ ഇല്ല എന്ന് ഞാൻ പറയുന്നില്ല. വൈദ്യ ശാസ്ത്രം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എപ്പിഡ്യൂറൽ ചെയ്യുന്ന രീതികൾക്ക് ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്. പണ്ട് വലിയ സൂചി ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ കനം കുറഞ്ഞ സൂചിയാണ് ഉപയോഗിക്കുന്നത്. നടുവിന്റെ ശാസ്ത്രക്രീയയ്ക്കു വിധേയരായവർ, രക്തം കട്ടപിടിക്കുന്നതു സംബന്ധിച്ച രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ, ചിലതരം മരുന്നുകൾ കഴിക്കുന്നവർ  തുടങ്ങിയ രോഗികൾക്ക് ഇത് ശുപാർശ ചെയ്യില്ല. അതുപോലെ പ്രസവ സമയത്ത് ഇത്  എല്ലാവർക്കും നൽകില്ല. വേദന കുറഞ്ഞ പ്രസവം ഗർഭിണിയുടെ ചോയിസാണ്. അവർ ആവശ്യപ്പെട്ടാൽ മാനദണ്ഡങ്ങൾ നോക്കി നൽകാറുണ്ട്. ഇപ്പോൾ സ്വകാര്യ ആശുപത്രികൾ മാത്രമല്ല സർക്കാർ ആശുപത്രികളിലും പ്രസവ സമയത്ത് എപ്പിഡ്യൂറൽ നൽകാറുണ്ട്. സിസേറിയൻ സമയത്തു നൽകുന്ന അനസ്തേഷ്യ  ഇൻജക്ഷനും എപിഡ്യൂറലും തമ്മിൽ വ്യത്യാസമുണ്ട്. രണ്ടിന്റെയും നടപടിക്രമം ഏതാണ്ട് ഒരേപോലെയാണെങ്കിലും എപിഡ്യൂറലിൽ ഒരു കത്തീറ്റർ നിങ്ങളുടെ ഉള്ളിൽ കടത്തിവയ്ക്കും. അതിലൂടെ മരുന്നുകളുടെ നിരന്തരമായ ഒരു ഇൻഫ്യൂഷൻ ലഭിച്ചുകൊണ്ടിരിക്കും. സ്പൈനൽ ബ്ലോക്ക് രീതിയിൽ നടുവ് മുഴുവനായി മരവിക്കും. എന്നാൽ എപ്പിഡ്യൂറലിൽ നിങ്ങൾക്ക് നടുവിന്റെ ചലനങ്ങൾ അറിയാൻ സാധിക്കും. അനസ്തേഷ്യയോടൊപ്പവും എപ്പിഡ്യൂറൽ നൽകാറുണ്ട്. എപ്പിഡ്യൂറൽ  നൽകിയതിന്റെ പേരിൽ ദീർഘകാലം നീണ്ടു നിൽക്കുന്ന നടുവേദന ഉണ്ടാകാറില്ല.”

WebMD എന്ന വൈദ്യശാസ്ത്ര സംബന്ധമായ വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റിൽ എപ്പിഡ്യൂറലിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

അതിലെ വിവരങ്ങളുടെ പരിഭാഷ. ” ഗർഭിണികൾക്ക് പ്രസവ സമയത്തെ വേദന ലഘൂകരിക്കാൻ ഉപയോഗിക്കുന്ന എപ്പിഡ്യൂറലിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇതിന് മറ്റു ഉപയോഗങ്ങളുമുണ്ട്. സ്പൈനൽ കോഡിനെ വലയം ചെയ്തിരിക്കുന്ന ചർമപാളിയിൽ നൽകുന്ന ഒരു കുത്തിവെയ്പ്പാണിത്. ശസ്ത്രക്രീയയ്ക്ക് മുമ്പോ ശേഷമോ ഉണ്ടാകുന്ന കഠിനമായ വേദനയും മറ്റെന്തെങ്കിലും അസാധ്യ വേദനയും  ലഘൂകരിക്കാൻ ഈ മാർഗം ഉപയോഗിച്ചുവരുന്നു. എന്നാൽ എല്ലാ സാഹചര്യത്തിലും ഇത് ഉപയോഗിക്കാൻ സാധ്യമല്ല. മരുന്നിന്റെ അളവും പാർശ്വ ഫലങ്ങളും കുറഞ്ഞ വേദന ലഘൂകരണ ഉപാധി എന്ന നിലയിൽ ഇതിനു സ്വീകാര്യതയുണ്ട്. ഒരു ശസ്ത്രക്രീയയ്ക്കിടെ  തലച്ചോറിലേയ്ക്ക് വേദനയുടെ സന്ദേശങ്ങളയയ്ക്കുന്ന നാഡീ ഞരമ്പുകളെ മന്ദീഭവിപ്പിക്കാൻ എപ്പിഡ്യൂറൽ ഉപയോഗിക്കുന്നു. 10 മുതൽ 20 വരെ മിനിറ്റുകൾക്കുള്ളിൽ ഇത് പ്രവർത്തന ക്ഷമമാകും. മരുന്ന് പ്രവർത്തനക്ഷമമാകുന്ന സമയം വരെ വേദന അനുഭവിക്കേണ്ടിവരും.ക്ഷീണം, തലവേദന, ഞരമ്പ് ക്ഷയം തുടങ്ങിയവ സാധാരണ പാർശ്വ ഫലങ്ങളാണ്. അപൂർവമായി ഗുരുതര പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഏതൊരു ചികിത്സ വിഭാഗത്തിനും ഇത് ബാധകമാണ്.

എപ്പിഡ്യൂറൽ  നിയമപരമായി ഒരു രാജ്യത്തും നിരോധിച്ചിട്ടില്ല. എന്നാൽ ഓസ്‌ട്രേലിയ, ന്യുസിലാൻഡ് എന്നീ രാജ്യങ്ങളിൽ ഡിപോ – മെഡ്രോൾ സ്റ്റിറോയിഡ് ഉല്പാദിപ്പിക്കുന്ന മരുന്നുകൾ എപിഡ്യൂറലിൽ കലർത്തുന്നത് നിരോധിച്ചിട്ടുണ്ട്.

നിഗമനം

ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന വാദഗതികൾ അടിസ്ഥാനമില്ലത്തതാണ്. അതിനാൽ ഇതിലെ വിവരങ്ങൾ തെറ്റാണ്.  ഒരുപക്ഷേ സിസേറിയൻ സമയത്തു നൽകുന്ന അനസ്തേഷ്യയെ പറ്റി പറയാനാകും ഉദ്ദേശിച്ചത്. അമ്മമാരോട് സ്നേഹമുണ്ടായിരിക്കണം എന്ന സന്ദേശം  പ്രചരിപ്പിക്കുക എന്ന നല്ല ഉദ്ദേശത്തോടെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പക്ഷെ അതിനുപയോഗിച്ച വസ്തുതകൾ തീർത്തും തെറ്റായതാണ്. എപ്പിഡ്യൂറലും അനസ്തേഷ്യയും തമ്മിൽ വ്യത്യാസമുണ്ട്. മാന്യ വായനക്കാർ ഇതിൽ നൽകിയിട്ടുള്ള വസ്തുതകൾ വിലയിരുത്തിയശേഷം പോസ്റ്റിനോട് പ്രതികരിക്കുക.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:എപ്പിഡ്യൂറൽ അനാൽജീസിയ … സത്യവും മിഥ്യയും

Fact Check By: Deepa M 

Result: False