കെപിസിസി നേതൃത്വം ചാണ്ടി ഉമ്മന് അന്ത്യശാസനം
നല്‍കിയോ? പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാം..
വിവരണം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. രാഷ്ട്രീയ പോര് കടുക്കുമ്പോള്‍ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ചര്‍ച്ചയ്ക്ക് ചൂട് പകരുന്നത്. ഈ വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്തരിച്ച പുതുപ്പള്ളി എംഎല്‍എയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മനെതിരെ കെപിസിസി നേതൃത്വം കടുത്ത ശാസന നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ
പ്രചരണം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് യാതൊരുവിധ ഉത്തരങ്ങളും നൽകരുതെന്ന് ചാണ്ടി ഉമ്മനോട് വീണ്ടും കോൺഗ്രസ്സ് നേതൃത്വം.. എന്ന തലക്കെട്ട് നല്‍കി പ്രചരിക്കുന്ന പോസ്റ്റിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ് - അച്ഛനെ പോലെ അഭിനയം ശരിയാകുന്നില്ലാ.. ചാണ്ടി ഉമ്മന് കെസിപിസിയുടെ അന്ത്യശാസനം.. ഇന്ത്യാലൈവ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ന്യൂസ് കാര്‍ഡാണ് ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. പൊരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഹലീമ ഹഫീസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 493ല്‍ അധികം റിയാക്ഷനുകളും 269ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെപിസിസി നേതൃത്വം ചാണ്ടി ഉമ്മന് ഇത്തരമൊരു അന്ത്യശാസനം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? ഇന്ത്യാലൈവിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വസ്‌തുതാപരമാണോ? സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഇന്ത്യാലൈവിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു ന്യൂസ് കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞില്ലാ എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ പിന്നെ അവര്‍ ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്ന് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഇന്ത്യാലൈവ് പ്രതിനിധിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ പറഞ്ഞത് ഇപ്രകാരമാണ് ഇന്ത്യാലൈവ് എന്നത് യുഡിഎഫ് പ്രബല ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്‍റെ ഔദ്യോഗിക നവമാധ്യമ പ്ലാറ്റ്‌ഫോമാണ്. ഒരിക്കലും ചാണ്ടി ഉമ്മന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ കുറിച്ച് ഇത്തരമൊരു വാര്‍ത്ത ഇന്ത്യാലൈവ് നല്‍കിയിട്ടില്ലായെന്നും പ്രചരിക്കുന്നത് സ്ഥാപനത്തിന്‍റെ ലോഗോ ദുരുപയോഗം ചെയ്തുള്ള വ്യാജ പ്രചരണമാണെന്നും അവര്‍ പറഞ്ഞു.
പിന്നീട് കെപിസിസി അധ്യക്ഷനൊ നേതൃത്വത്തിലെ മറ്റ് ഭാരവാഹികളോ ചാണ്ടി ഉമ്മനെതിരെ ഇത്തരമൊരു പ്രസ്താവനയോ ശാസനമോ നല്‍കിയിട്ടുണ്ടോയെന്ന് അറിയാന്‍ ഞങ്ങള്‍ കെപിസിസി മീഡിയ കോര്‍ഡിനേറ്റര്‍ കിരണ്‍ ഒഎസുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്-
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ചാണ്ടി ഉമ്മന്‍റെ വിജയം സുനിശ്ചിതമാണെന്നാണ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞത്. വളരെ മികച്ച രീതിയില്‍ ചാണ്ടി ഉമ്മന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കെപിസിസി ഇതില്‍ പൂര്‍ണ്ണതൃപ്തരാണെന്നും അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചരണം രാഷ്ട്രീയ വൈര്യത്തിന്‍റെ പേരിലുള്ള വ്യാജ പ്രചരണം മാത്രമാണെന്നും മീഡിയ കോര്‍ഡിനേറ്റര്‍ പറഞ്ഞു.
നിഗമനം
ഇന്ത്യാലൈവ് എന്ന ഓണ്‍ലൈന്‍ മാധ്യമം ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും കെപിസിസി നേതൃത്വം ചാണ്ടി ഉമ്മന് അന്ത്യാശാസനം നല്‍കിയിട്ടില്ലായെന്നും വിശദമായ അന്വേഷണത്തില്‍ നിന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കെപിസിസി നേതൃത്വം ചാണ്ടി ഉമ്മന് അന്ത്യശാസനം നല്‍കിയോ? പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാം..
Written By: Dewin CarlosResult: False