മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് സിപിഎമ്മില്‍ ചേര്‍ന്ന യുവതിയാണോ ചിത്രത്തിലുള്ളത്?
കോവിഡ് 19 രാഷ്ട്രീയ നാടകത്തില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് ജസിത പുന്നയ്ക്കല്‍ സിപിഎമ്മിലേക്ക്.. എന്ന പേരില്‍ ഒരു യുവതിയുടെ ചിത്രം സഹിതം ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സഖാവ് കണ്ണന്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 289ല്‍ അധികം റിയാക്ഷനും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ മഹിളാ കോണ്‍ഗ്രസിന്‍റെ പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണോ ചിത്രത്തിലുള്ള സ്ത്രീ? അവരുടെ പേര് ജസിത പുന്നയ്ക്കല്‍ എന്നാണോ? ഇത്തരത്തിലൊരു വ്യക്തി കോണ്‍ഗ്രിസില്‍ നിന്നും സിപിഎമ്മിലേക്ക് മാറിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പോസ്റ്റിലെ ചില കമന്‍റുകളില്‍ ഇത് വ്യാജ പ്രചരണമാണെന്നും ചിത്രത്തിലുള്ള സ്ത്രീയുടെ യഥാര്‍ത്ഥ പേര് ലസിത പാലയ്ക്കല്‍ എന്നാണെന്നും ചിലര്‍ ആരോപിക്കുന്നതായി കണ്ടെത്താന്‍ ഇതുപ്രകാരം ലസിത പാലയ്ക്കല്‍ എന്ന പേര് ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജസിത പാലയ്ക്കല്‍ എന്ന പേരില്‍ നല്‍കിയിരിക്കുന്ന സ്ത്രീയുടെ യഥാര്‍ത്ഥ പ്രൊഫൈല്‍ കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ലസിത പാലയ്ക്കല്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയല്ലെന്നും അവര്‍ ഇപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്നു എന്നതും വ്യാജമാണെന്നും പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന അതെ ചിത്രം ലസിതയുടെ ടാഗ് ചെയ്ത ചിത്രങ്ങളില്‍ നിന്നും ലഭിച്ചു. അതിന്‍റെ തലക്കെട്ടില്‍ തന്നെ സംഘപരിവാര്‍ സംഘടനയുടെ വനിത വിഭാഗമായ ദുര്‍ഗാവാഹിനിയുടെ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ട ലസിതയ്ക്ക് അഭനന്ദനങ്ങള്‍ അറിയിക്കുന്നു എന്നതായിരുന്നു. മാത്രമല്ല ഇപ്പോഴും സംഘപരിവാര്‍ അനുകൂല പോസ്റ്റുകളാണ് ലസിത പാലയ്ക്കലിന്‍റെ പ്രൊഫൈലില്‍ നിന്നും പങ്കവെയ്ക്കുന്നത്. അതയാത് അവര്‍ ഇപ്പോഴും സംഘപരിവാറിന്‍റെ ഭാഗമായി തന്നെ പ്രവര്‍ത്തിക്കുകയാണ്.
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വന്ന കമന്‍റ്-
ജസിത പാലയ്ക്കല്‍ എന്ന പേരില്‍ ഉപയോഗിച്ചിരിക്കുന്നത് ലസിത പാലയ്ക്കലിന്‍റെ ചിത്രമാണെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്-
ലസിത പാലയ്ക്കല്‍ ഇപ്പോഴും സംഘപരിവാറിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു എന്നത് അവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ വ്യക്തം (ഏറ്റവും ഒടുവില്‍ യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് 11-07-2020 )-
നിഗമനം
ആക്ഷേപഹാസ്യ രൂപേണ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണെങ്കിലും ചിത്രത്തിലുള്ള വ്യക്തി പ്രമുഖയായ നേതാവ് അല്ലാത്തത് കൊണ്ട് പലരും ഇത് സത്യമാണെന്ന് കരുതിയാണ് പങ്കുവെച്ചിരിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇപ്പോഴും സംഘപരിവാര്‍ പ്രവര്‍ത്തകയായ ലസിത പാലയ്ക്കല്‍ എന്ന സ്ത്രീയുടെ പേരിലാണ് കോണ്‍ഗ്രസ് ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്ന യുവതി എന്ന പേരിലുള്ള പ്രചരണം നടക്കുന്നതെന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് സിപിഎമ്മില്‍ ചേര്‍ന്ന യുവതിയാണോ ചിത്രത്തിലുള്ളത്?
Fact Check By: Dewin CarlosResult: False