
വിവരണം
archived link | Kerala Cafe FB post |
പെട്രോൾ പമ്പുകളിൽ നാമറിയാത്ത സേവനങ്ങൾ സൗജന്യമായി ലഭിക്കും എന്ന വിവരണവുമായി കേരള കഫേ എന്ന പേജിൽ നിന്നും ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രസ്തുത വീഡിയോയുടെ ഷെയറുകൾ 28000 എത്താറായി. വീഡിയോയുടെ ഉള്ളടക്കം ഇതാണ്, ” പെട്രോളടിക്കാൻ മാത്രമാണ് നാം പൊതുവെ പെട്രോൾ പമ്പിൽ കയറുക. ഇതല്ലാതെ പെട്രോൾ പ മ്പുകളിൽ നിർബന്ധമാക്കിയിരിക്കുന്ന സേവനങ്ങൾ എന്തെല്ലാമാണെന്ന് കേരളം കഫേ പരിശോധിക്കുന്നു”. ഇന്ധനത്തിന്റെ ഗുണ നിലവാര പരിശോധന, ഫസ്റ് എയ്‌ഡ് കിറ്റ്, ടോയ്‌ലറ്റ് സൗകര്യം എന്നിവയടക്കം നിരവധി സേവനങ്ങൾ പെട്രോൾ പമ്പിൽ നിന്നും ലഭ്യമാകുമെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. ഈ സൗജന്യ സേവനങ്ങൾ നിഷേധിക്കപ്പെട്ടത് ഉപഭോക്താവിന് പരാതിപ്പെടാൻ അവകാശമുണ്ടെന്നും വീഡിയോ പറയുന്നു. ethnic food court, ethnic beauty court, healthy keralam , ഭാരതീയ ജനതാ പാർട്ടി(BJP ) എന്നീ ഫേസ്‌ബുക്ക് പേജുകളിൽ നിന്ന് പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരെ കൂടാതെ ഇതേ വീഡിയോ പ്രചരിപ്പിച്ച വേറെ ചില ഫേസ്ബുക്ക് പേജുകളിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ ഇപ്രകാരംഅവരെ കൂടാതെ ഇതേ വീഡിയോ പ്രചരിപ്പിച്ച വേറെ ചില ഫേസ്ബുക്ക് പേജുകളിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ ഇപ്രകാരം:
വസ്തുതാ പരിശോധന
പൊതുജനങ്ങളിൽ ഏറെപ്പേരും അജ്ഞരായ ഇത്തരം സേവനങ്ങൾ പെട്രോൾ പമ്പുകളിൽ ലഭ്യമാണോ എന്ന് നമുക്ക് അന്വേഷണം നടത്തി നോക്കാം. പൊതുജനങ്ങൾക്ക് ഇത്തരം സൗകര്യങ്ങൾ പെട്രോൾ പമ്പുകളിൽ നിന്നും സൗജന്യമായി ലഭിക്കുമെന്ന് താഴെ കൊടുത്തിട്ടുള്ള വെബ്‌സൈറ്റുകളിലും സൂചനകളുണ്ട്.
archived link HP | hindustan petroleum |
archived link | factlly |
archived link | the better india |

വീഡിയോയിൽ ഉന്നയിക്കുന്ന, പമ്പിൽ നിന്നും സൗജന്യമായി ലഭിക്കുമെന്ന് പറയപ്പെടുന്ന സൗകര്യങ്ങൾ താഴെ പറയുന്നവയാണ്.
1. ഉൽപ്പന്നത്തിന്റെ ഗുണമേന്മാ പരിശോധന
2. കാലാവധി കഴിഞ്ഞിട്ടില്ലാത്ത അവശ്യ മരുന്നുകളടങ്ങിയ ഫസ്റ്റ് എയ്‌ഡ് ബോക്സ്
3. മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം
4. ഉപഭോക്താവിന് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കാനുള്ള സൗകര്യം
5. സൗജന്യമായി ടോയ്ലറ്റ് ഉപയോഗിക്കാനുള്ള സൗകര്യം
6. സൗജന്യമായി ടയറിൽ കാറ്റു നിറയ്ക്കാനുള്ള സൗകര്യം
7. സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടാൽ പരാതിപ്പെടാനുള്ള അവകാശം
ആറ്റിങ്ങലിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡീലറായ അനിൽകുമാർ ഭാർഗ്ഗവനോട് പമ്പുകളിലെ സൗകര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. “വീഡിയോയിലെ വസ്തുതകൾ കുറെയെണ്ണം ശരിയാണ്. എങ്കിലും അതിനു ചില ഭേദഗതികളുണ്ട്. പമ്പുകളെ ‘എ’ സൈറ്റ് , ‘ബി’ സൈറ്റ് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. എ സൈറ്റിന് വൈദ്യുതി ചെലവിന്റെ പകുതി കമ്പനി നൽകും. എന്നാൽ ബി സൈറ്റിന്റെ ചെലവ് മുഴുവൻ ഡീലർ വഹിക്കണം. അതിനാൽ മൊബൈൽ ചാർജിങ് പോലുള്ള സൗകര്യങ്ങൾ നിലവിലുണ്ടോ എന്ന് വ്യക്തമല്ല. പണ്ട് മൊബൈൽ ഫോൺ ഇല്ലാതിരുന്ന കാലത്ത് ഫോൺ ചെയ്യാനുള്ള ഫോൺ ബൂത്ത് പോലുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. കുടിവെള്ളം പമ്പുകളിൽ സൗജന്യമായി നൽകാനുള്ള ചെലവുകളൊന്നും കമ്പനി തരുന്നില്ല. വലിയ പമ്പുകളിൽ ഇതൊക്കെ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിൽ അത് ഡീലറുടെ ചിലവിലാകാം. മറ്റു സൗകര്യങ്ങളെല്ലാം സൗജന്യമായി ലഭ്യമാണ്.”
മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള സൗകര്യം പെട്രോൾ പമ്പുകളിൽ ലഭ്യമാണോ എന്നറിയാൻ ഞങ്ങൾ പെട്രോൾ പമ്പ് ഡീലർസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ മുൻ സെക്രട്ടറിയും ആലപ്പുഴ ടി.സി ഫ്യുവൽസ് ഉടമയുമായ ശിവകുമാറുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പറയുന്നത് മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള സൗകര്യം പെട്രോൾ പമ്പിൽ ലഭിക്കുമെന്നതിനെപ്പറ്റി യാതൊരു വിധ അറിയിപ്പുകളും കിട്ടിയിട്ടില്ല എന്നാണ്. സുരക്ഷാ കാരണങ്ങളാൽ മൊബൈൽ ഫോണുകൾ പെട്രോൾ പമ്പുകളിൽ ഉപയോഗിച്ചുകൂട എന്നാണ് നിയമം. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ പെട്രോളിയം കമ്പനികളുടെ വെബ്‌സൈറ്റുകൾ പരിശോധിച്ചു. മൊബൈൽ ഫോൺ ചാർജു ചെയ്യാനുള്ള സൗകര്യം കരാർ ചെയ്യപ്പെട്ട സേവനങ്ങളുടെ ലിസ്റ്റിൽ നൽകിയിട്ടില്ല.



archived link | iocl guidelines |
നിഗമനം
ഈ വാർത്ത പൂർണമായും ശരിയല്ല. പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ല. അതുപോലെതന്നെ കുടിവെള്ളത്തിന്റെ കാര്യവും ലിസ്റ്റിൽ ചേർക്കപ്പെട്ടിട്ടില്ല. പമ്പ് ഉടമയ്ക്ക് സ്വന്തം നിലയിൽ കുടിവെള്ളം സേവനമായി നൽകാം എന്നേയുള്ളു. ഉപഭോക്താവിന് ലഭിക്കുന്ന സൗജന്യ സേവനങ്ങളിൽ പെടില്ല. വീഡിയോയിൽ പറയുന്ന 7 വാദഗതികളിൽ രണ്ടെണ്ണം ശരിയല്ല. അതായത് മൊബൈൽ ഫോൺ ചാർജിംഗും കുടിവെള്ളത്തിന്റെ ലഭ്യതയും. വീഡിയോയിൽ വിവരിക്കുന്നതുപോലുള്ള മറ്റു സൗജന്യ സേവനങ്ങൾ ലഭ്യമാണ്. ഇത് നിഷേധിക്കപ്പെട്ടാൽ പരാതിപ്പെടാൻ അവസരമുണ്ട്. ഇതിന്റെ വിശദാംശങ്ങൾ താഴെ കാണുന്ന ലിങ്കിൽ നിന്നും ലഭ്യമാണ്.
archived link | deccan chronicle |
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ
