ത്രിപുരയിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ സംഭവത്തെ അപലപിച്ചു കൊണ്ടുള്ള പല പോസ്റ്റുകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ത്രിപുരയിൽ നിന്നുള്ള ഒരു വീഡിയോ കുറിച്ചാണ് നമ്മൾ ചർച്ചചെയ്യുന്നത്

പ്രചരണം

ഇസ്ലാം മതാചാര പ്രകാരമുള്ള തൊപ്പി ധരിച്ച ആയിരക്കണക്കിന് പേർ റാലിയായി പ്രാർത്ഥന വാചകങ്ങൾ ഉരുവിട്ടുകൊണ്ട് പൊതുനിരത്തിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് പോസ്റ്റിലെ വീഡിയോയില്‍ കാണുന്നത്. ചിലർ കൈയിലുള്ള മൊബൈൽ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതും കാണാം. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:

“ചരിത്രം ഓർമ്മപ്പെടുത്തുന്നത് തിരിച്ചറിവിനു വേണ്ടിയാണ്... #ത്രിപുര ...

ആദ്യം അവർ കമ്മ്യൂണിസ്റ്റുകാരെ തേടിയെത്തി.

ഞങ്ങൾ പ്രതികരിച്ചില്ല ...

കാരണം ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരല്ലായിരുന്നു. പിന്നെയവർ ഓരോ CPM ഓഫീസുകളും മഹാത്മാക്കളുടെ പ്രതിമകളും തകർത്തു കൊണ്ടിരിക്കുമ്പോഴും ഞങ്ങൾ പ്രതികരിച്ചില്ല. എന്നാൽ ആവോളം ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു ...

കാരണം ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരല്ലായിരുന്നു.

പിന്നെയവർ ഞങ്ങളെ തേടിയെത്തി...

അപ്പോൾ ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഞങ്ങളോടൊപ്പം ആർപ്പു വിളിച്ച് കൂട്ടത്തിലുണ്ടായിരുന്നവരും ഉണ്ടായിരുന്നില്ല.. കാരണം അവിടെ അവർ ഒന്നായിരുന്നു...

ഇപ്പോൾ ഞങ്ങൾ ഓർക്കുന്നു , CPM ഭരിച്ച വർഷങ്ങൾ ഒരു പള്ളിക്കോ ഒരു മുസൽമാനോ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കപ്പെട്ട 25 വർഷങ്ങൾ...

📕ചരിത്രം ഓർമ്മപ്പെടുത്തുന്നത് തിരിച്ചറിവിനു വേണ്ടിയാണ്...”

archived linkFB post

വീഡിയോ ദൃശ്യങ്ങള്‍ ത്രിപുരയില്‍ നിന്നുള്ളതാണ് എന്നാണ് പോസ്റ്റ്‌ അവകാശപ്പെടുന്നത്. എന്നാല്‍ ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോൾ ഇത് ത്രിപുരയിൽ നിന്നുള്ളല്ലെന്നും ഉത്തർപ്രദേശിൽ ഏതാനും മാസങ്ങൾക്കുമുമ്പ് നടന്ന ഒരു ശവസംസ്കാര ഘോഷയാത്രയാണ് എന്നും വ്യക്തമായി

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാനായി ചില ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോ ത്രിപുരയില്‍ നിന്നുള്ളതല്ലെന്നും അടുത്തിടെ അവിടെ നടന്ന വർഗീയ കലാപവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.

ഉത്തർപ്രദേശിലെ ബദൗണിൽ 2021 മെയ് 9 ന് നടന്ന ഹസ്രത്ത് അബ്ദുൽ ഹമീദ് മുഹമ്മദ് സലിമുൽ ഖാദ്രിയുടെ ശവസംസ്കാര ഘോഷയാത്രയുടെതാണ് വീഡിയോ. മെയ് 10 ന് ഇതേ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം നല്‍കിയിട്ടുള്ള വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെ: “ഹസ്രത്ത് പീർ സലിം മിയ സാഹബ് ബദൗനിയുടെ ശവസംസ്കാര രംഗം, ജനപ്രവാഹം കാണുക”

കൂടാതെ യുട്യൂബിൽ ഇതേ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലെ ദൃശ്യങ്ങള്‍ കുറച്ചുകൂടി വ്യക്തത ഉള്ളതാണ്. ഇത് ഉത്തർപ്രദേശിലെ ബദൗണിൽ ഹസ്രത്ത് അബ്ദുൽ ഹമീദ് മുഹമ്മദ് സലിമുൽ ഖാദ്രിയുടെ ശവസംസ്‌കാര ഘോഷയാത്രയാണെന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്.

പീർ സാഹബ്.. സിന്ദാബാദ്..ലാ ഇലാഹ ഇല്ലല്ലാഹ്.." എന്ന് ജനക്കൂട്ടം ഉച്ചത്തില്‍ മുദ്രാവാക്യം ചൊല്ലുന്നത് നമുക്ക് കേൾക്കാം. പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്.

പുരോഹിതനായ അബ്ദുൾ ഹമീദ് മുഹമ്മദ് സലിമുൽ ഖാദ്രിയുടെ സംസ്കാര ചടങ്ങിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ ലംഘിച്ചാണ് ആയിരങ്ങള്‍ ഒത്തുകൂടിയത് എന്ന് മാധ്യമ വാര്‍ത്തകള്‍ അറിയിക്കുന്നു.

ഘോഷയാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശാരീരിക അകലം ഉൾപ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചും മാസ്ക് ധരിക്കാതെയും ആയിരക്കണക്കിന് ആളുകൾ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് കാണാം. ഞായറാഴ്ച ഉച്ചയോടെ പുരോഹിതൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ, അദ്ദേഹത്തിന്‍റെ മൃതദേഹം പൊതുദർശനത്തിനായി സൂക്ഷിച്ചിരുന്ന പള്ളിയിൽ നിരവധി ആളുകൾ ഒത്തുകൂടി.

ഈ വീഡിയോയില്‍ നിന്നും എഡിറ്റ് ചെയ്ത കുറച്ചു ഭാഗമാണ് പോസ്റ്റിലെ വീഡിയോയില്‍ ഉള്ളത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഈ വീഡിയോ ത്രിപുരയില്‍ നിന്നുല്ലതല്ല. ഇപ്പോഴാത്തെതുമല്ല. കഴിഞ്ഞ മേയ് മാസം ഉത്തര്‍ പ്രദേശിലെ ബദൗണിൽ നടന്ന ഹസ്രത്ത് അബ്ദുൽ ഹമീദ് മുഹമ്മദ് സലിമുൽ ഖാദ്രിയുടെ ശവസംസ്‌കാര ഘോഷയാത്രയുടെ ദൃശ്യങ്ങളാണ്. ത്രിപുരയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വീഡിയോ ത്രിപുരയില്‍ നിന്നുള്ളതല്ല, മേയ് മാസം ഉത്തര്‍പ്രദേശില്‍ നടന്ന ശവസംസ്കാര ഘോഷയാത്രയുടെതാണ്...

Fact Check By: Vasuki S

Result: False