ഈ ചിത്രത്തിൽ കാണുന്നത് ഡോക്ടർ സുനിത അല്ല.. ഇവർ സൗജന്യചികിത്സ നൽകുന്നുമില്ല…
വിവരണം
ആതുര സേവന രംഗത്ത് പ്രാഗൽഭ്യവും രോഗികളോട് കാരുണ്യവും കാണിക്കുന്ന ഡോക്ടർമാർ എന്നും വാർത്തകളിൽ വരാറുണ്ട്. നിർധനരായ രോഗികളോട് കാരുണ്യം കാട്ടിയിയുള്ള നിരവധി ഡോക്ടർമാർ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുണ്ട്.
മെൻറൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് സ്ഥാപകനായ ഡോക്ടർ മനോജ് കുമാറിനെ നമ്മൾ വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്. ആതുര സേവനം പൂർണമായും സേവനമായി കണ്ട, ഒരു രൂപ പോലും വാങ്ങാതെ രോഗികളെ ചികിത്സിച്ചു ആളാണദ്ദേഹം. പൂനെയിലെ ഡോക്ടർ അഭിജിത്ത് സോനാവാനെ തെരുവിൽ കിടക്കുന്ന അഗതികളായ രോഗികൾക്ക് സാന്ത്വനം പകർന്ന ഡോക്ടറാണ്.
ഇങ്ങനെ നിസ്വാര്‍ഥ സേവകരായ നിരവധി ഡോക്ടർമാരുടെ ചരിത്രങ്ങൾ നമ്മൾ വായിച്ചിട്ടുണ്ട്. രോഗികൾക്ക് സൗജന്യമായി ചികിത്സ നൽകുന്ന ചില ഡോക്ടർമാരുടെ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും നാം കണ്ടിട്ടുണ്ട്.
എന്നാല്‍ സൗജന്യ ചികിത്സ നൽകുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചില ഡോക്ടർമാരുടെ ചിത്രങ്ങൾ വെറും വ്യാജപ്രചരണങ്ങൾ മാത്രമാണെന്ന് ഞങ്ങൾ കണ്ടെത്തിയിരുന്നു. ഇടക്കാലത്ത് സിനിമ നടികളുടേതടക്കം ചിത്രങ്ങൾ ഇത്തരം വ്യാജ പ്രചാരണത്തിൽ ഉപയോഗിച്ചിരുന്നു.
ഇക്കഴിഞ്ഞ ദിവസം 12000 ത്തില്‍ പരം ഷെയറുകളുമായി പ്രചരിച്ച ഒരു വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.
പാവങ്ങൾക്ക് സൗജന്യമായി മരുന്നു നൽകുന്ന ഡോക്ടർ സുനിത പറ്റുമെങ്കിൽ ഷെയർ ചെയ്ത് അഭിവാദ്യം അറിയിക്കുക എന്ന വിവരണവും ഒപ്പം യുവതിയായ ഒരു ഡോക്ടറുടെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. പോസ്റ്റിലെ വിവരണം തന്നെ അപൂര്‍ണ്ണമാണ്. ഈ ഡോക്ടര്‍ എവിടെ നിന്നുള്ളതാണ്, ഏത് വിഭാഗത്തിലാണ് ചികില്‍സ നല്‍കുന്നത്, ഇവരെ പറ്റിയുള്ള മാധ്യമ വാര്‍ത്തകളുടെ വിശദാംശങ്ങള്‍- ഇങ്ങനെ ഒരു കാര്യവും പോസ്റ്റില്‍ വ്യക്തമല്ല. അതുകൊണ്ടു തന്നെ പോസ്റ്റ് വിശ്വസനീയമല്ല.
ഞങ്ങൾ ഈ ചിത്രത്തിലെ ഡോക്ടറെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പോസ്റ്റിലുള്ള വാദഗതിയുമായി യാതൊരു ബന്ധവുമില്ല എന്ന് മനസ്സിലായി.
യഥാർത്ഥ വസ്തുത ഇതാണ്:
വസ്തുത വിശകലനം
ഏറ്റവും ലളിതമായ രീതിയിൽ ഞങ്ങൾ ഗൂഗിള്‍ ഉപയോഗിച്ച് ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോൾ ഈ ഡോക്ടറുടെ ചിത്രം ഉപയോഗിച്ച ഏതാനും വെബ്സൈറ്റുകളുടെ ലിസ്റ്റ് ലഭിച്ചു. അവയെല്ലാം
വൈദ്യശാസ്ത്രരംഗത്തെ ബിസിനസ്സ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വെബ്സൈറ്റുകളാണ്. അതായത് ഡോക്ടർമാരുടെ അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യാനും ഓരോ ആശുപത്രികളെ പറ്റിയുള്ള വിശദമായ വിവരങ്ങളറിയാനും ചികില്‍സാ സൌകര്യങ്ങളെ പറ്റിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നൽകാനും ഉപയോഗിയ്ക്കുന്ന വെബ്സൈറ്റുകളാണ് ഇവ. ഇതില്‍ ഡോക്ടർ ചൈത്ര എസ് കെ എന്ന പേരിൽ ഈ ഡോക്ടറുടെ ചിത്രവും നൽകിയിട്ടുണ്ട്.
ബാംഗ്ലൂരിലെ കല്യാൺ നഗറിലുള്ള ഗർഭഗുഡി ഐവിഎഫ് സെൻററിൽ ഡോക്ടറായ ചൈത്ര എസ് കെ എന്നാണ് ഈ ഡോക്ടറെ പറ്റി വിവരണം നൽകിയിരിക്കുന്നത്. നിരവധി വെബ്സൈറ്റുകളിൽ ഈ ഡോക്ടറുടെ ഇതേ ചിത്രം നൽകിയിട്ടുണ്ട്.
എല്ലാത്തിലും ചൈത്ര എസ് കെ എന്നാണ് ഇവരുടെ നാമം നല്കിയിരിക്കുന്നത്. അല്ലാതെ പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലെ ഈ ഡോക്ടറുടെ പേര് സുനിത എന്നല്ല.
സൗജന്യമായി ഇവർ ചികിത്സ നൽകുന്നു എന്ന് യാതൊരിടത്തു നിന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തുടര്‍ന്ന് ഞങ്ങള്‍ ഡോ. ചൈത്ര എസ്കെ എന്ന കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഈ ഡോക്ടറെ കുറിച്ച് നിരവധി വിവരണങ്ങള്‍ ലഭ്യമാണ് എന്ന് കണ്ടു. ഓരോരോ വിഷയങ്ങളെ പറ്റി ഡോ. ചൈത്ര സംസാരിക്കുന്നതിന്‍റെ നിരവധി യൂട്യൂബ് വീഡിയോകള്‍ ലഭ്യമാണ്. അത്തരത്തില്‍ ഒരെണ്ണം താഴെ കൊടുക്കുന്നു.
വെറുതെ തെറ്റിദ്ധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുന്ന പോസ്റ്റാണിത്. സുനിത എന്ന പേരുള്ള ഏതെങ്കിലും ഡോക്ടര്‍ സൌജന്യമായി ചികില്‍സ നല്‍കുന്നുണ്ടോ എന്നു അന്വേഷിച്ചു നോക്കിയെങ്കിലും അന്വേഷണ ഫലങ്ങളില്‍ യാതൊന്നും ലഭിച്ചില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും തെറ്റാണ്. ബാംഗ്ലൂർ കല്യാൺ നഗറിലെ ഐവിഎഫ് ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ ചൈത്ര എസ്കെ യുടെതാണ് ഈ ചിത്രം. ഡോക്ടർ സുനിത സൗജന്യമായി ചികിത്സ നൽകുന്നു എന്ന പേരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ആയി ഈ ചിത്രം ഉപയോഗിക്കുകയാണ്. ഈ വിവരങ്ങൾ വായനക്കാരുടെ അറിവിലേക്കായി സമർപ്പിക്കുന്നു.
Title:ഈ ചിത്രത്തിൽ കാണുന്നത് ഡോക്ടർ സുനിത അല്ല.. ഇവർ സൗജന്യചികിത്സ നൽകുന്നുമില്ല…
Fact Check By: Vasuki SResult: False