
പശ്ചിമേഷ്യന്‍ യുദ്ധം നടക്കുന്നതിനിടെ ഇറാന്‍ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ലോക രാജ്യങ്ങള്‍ ഇന്ധന പ്രതിസന്ധി നേരിടുകയാണ്. യുദ്ധം ഇന്ത്യയിലും ഭാഗികമായി പാചകവാതക വിതരണത്തെ ബാധിച്ചിട്ടുണ്ട്. പാചക വാതകത്തിന്‍റെ പകര സംവിധാനങ്ങളെ കുറിച്ച് ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ വരുന്നുണ്ട്. പാചകവാതകത്തിന് പകരം ഉത്തരാഖണ്ഡില്‍ രണ്ടു സഹോദരന്മാര്‍ ചാണകത്തില്‍ നിന്നും ബയോഗ്യാസ് ഉല്‍പ്പാദിപ്പിച്ച് വിതരണം തുടങ്ങി എന്നവകാശപ്പെട്ട് ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
പ്രചരണം
“ഗ്യാസ് സിലിണ്ടറുകളുടെ വിലക്കയറ്റത്തിന് പരിഹാരമായി ചാണകത്തിൽ നിന്ന് നിർമ്മിച്ച ‘ഗോബർ ഗ്യാസ് സിലിണ്ടർ’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഏകദേശം 18 കിലോ ഗോബർ ഗ്യാസ് അടങ്ങിയിട്ടുള്ള ഈ സിലിണ്ടറിന് ആകെ 30 കിലോ തൂക്കമാണുള്ളത്. ഗ്രാമീണ മേഖലകളിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ ഇക്കോ ഫ്രണ്ട്‌ലി സിലിണ്ടർ പ്രകൃതിദത്തമായ ഊർജ്ജസ്രോതസ്സാണ്. സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഒരു ഇന്ധന ബദലായാണ് ഇതിനെ അവതരിപ്പിക്കുന്നത്. ചാണകത്തിൽ നിന്ന് ശാസ്ത്രീയമായി ഗ്യാസ് വേർതിരിച്ച് സിലിണ്ടറുകളിലാക്കി മാറ്റുന്ന ഈ രീതി സാധാരണക്കാർക്ക് വലിയൊരു ആശ്വാസമാകും. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഉപയോഗിക്കാനും ഇത്തരം നൂതന ആശയങ്ങൾ സഹായിക്കുന്നു. വിപണിയിൽ എൽപിജിക്ക് വെല്ലുവിളിയാകാൻ ഈ പുതിയ പരീക്ഷണം സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.”–എന്ന വിവരണത്തോടൊപ്പം ലോറിയില്‍ നിറയ്ക്കുന്ന പര്‍പ്പിള്‍ നിറമുള്ള ഗാസ് സിലിണ്ടറുകളുടെ സമീപം രണ്ടുപേര്‍ നില്‍ക്കുന്ന ചിത്രവും നല്‍കിയിട്ടുണ്ട്.

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ഇതെന്നും ചാണകത്തില്‍ നിന്നുള്ള ബയോഗ്യാസ് വിപണിയിലെത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഉത്തരാഖണ്ഡ് സഹോദരന്മാർ ഗോബര്‍ ഗ്യാസ് പാചകവാതകം കണ്ടുപിടിച്ച് വിതരണത്തിന് എത്തിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായുള്ള പ്രചരണം. വാര്‍ത്ത സത്യമാണോ എന്ന് അന്വേഷിച്ചെങ്കിലും ആധികാരികമായ റിപ്പോര്‍ട്ടുകളോ വിശ്വസനീയമായ വാർത്തകളോ കണ്ടെത്താനായില്ല.
ചിത്രത്തില്‍ കാണുന്ന പര്‍പ്പിള്‍ നിറമുള്ള സിലിണ്ടറുകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് പുറത്തിറക്കുന്ന ഇൻഡെയ്ൻ XTRATEJ സിലിണ്ടറാണ് ഇതെന്ന് വ്യക്തമായി.
വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കായി ഇൻഡ്യൻ ഓയിൽ നാനോ-അഡിറ്റീവ് അടങ്ങുന്ന എൽപിജി- ‘INDANE എക്സ്ട്രാതേജ്’ എന്ന പേരിൽ വിപണനം ചെയ്യുന്നുണ്ട് എന്നാണ് കമ്പനി വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്.

സാധാരണ എൽപിജിയേക്കാൾ കൂടുതൽ കാര്യക്ഷമതയും ലാഭവും നൽകുന്നതാണിത്. ഇന്ധനത്തിന്‍റെ ജ്വലനക്ഷമത വർദ്ധിപ്പിക്കാനും ഉയർന്ന താപനിലയിലുള്ള ജ്വാല നൽകാനും നാനോ അഡിറ്റീവ് സഹായിക്കുന്നു. ഉപഭോക്താക്കൾക്ക് ഏകദേശം 5 മുതൽ 10 ശതമാനം വരെ ഇന്ധനം ലാഭിക്കാൻ എക്‌സ്‌ട്രാതേജ് സഹായിക്കുമെന്നാണ് ഇന്ത്യൻ ഓയിൽ അവകാശപ്പെടുന്നത്. ഇവ ഗാർഹിക ഉപയോഗത്തിനുള്ളതല്ലെന്ന് സൈറ്റിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
നിഗമനം
ഗ്യാസ് സിലിണ്ടറുകളുടെ വിലക്കയറ്റത്തിന് പരിഹാരമായി ചാണകത്തിൽ നിന്ന് നിർമ്മിച്ച ‘ഗോബർ ഗ്യാസ് സിലിണ്ടർ’ എന്ന് പ്രചരിപ്പിക്കുന്ന പര്‍പ്പിള്‍ നിറമുള്ള സിലിണ്ടര്‍ ഇന്ത്യൻ ഓയിൽ വാണിജ്യ വ്യവസായ ഉപയോഗത്തിനായി പുറത്തിറക്കിയ ‘ INDANE എക്സ്ട്രാതേജ്’ എൽപിജി സിലിണ്ടറുകളാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




