വി.എം.സുധീരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന വി.എം.സുധീരന്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തിലില്ലാത്ത തിരച്ചടി നേരിടും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി അടക്കം പരാജയപ്പെടും.. പ്രകടന പത്രിക വെറും പ്രഹസനം മാത്രം.. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും.. സിഎഎ എന്ന വാക്ക് പോലും പ്രകടന പത്രികയിലില്ലാ.. എന്നും വി.എം.സുധീരന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കുഞ്ഞലന്‍ കുട്ടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 100ല്‍ അധികം റിയാക്ഷനുകളും 56ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.എം.സുധീരന്‍ ഇത്തരമൊരു പ്രസ്താവന കോണ്‍ഗ്രസിനെതിരെ നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ വി.എം.സുധീരന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും ഏപ്രില്‍ 8ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ പ്രതികരിച്ചുകൊണ്ട് പങ്കുവെച്ച ഒരു  പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. പോസ്റ്റിലെ വാചകങ്ങള്‍ ഇപ്രകാരമാണ്-

“കോൺഗ്രസ്‌ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതിനും, മഹത്തായ കോൺഗ്രസ്‌ പ്രസ്ഥാനത്തിന് ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്നതിനും വ്യക്തിപരമായി എന്നെ തേജോവധം ചെയ്യുന്നതിനും വോട്ടർമാരുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് റെഡ് ആർമി എന്ന പേരിലും മറ്റു പല പേരുകളിലുമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്.

രാഷ്ട്രീയ എതിരാളികളുടെ ഇത്തരത്തിലുള്ള കള്ള പ്രചരണങ്ങളെയും ഹീനമായ നടപടികളെയും അതി ശക്തമായി അപലപിക്കുന്നു. നെറികെട്ട ഇത്തരം രാഷ്ട്രീയ ശൈലികൾക്കെതിരെ കോൺഗ്രസ്‌ പ്രവർത്തകരും ജനങ്ങളും ജാഗരൂകാരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.”

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Archived Screenshot 

ഗൂഗിള്‍ കീ വേര്‍ഡ് സെര്‍ച്ച് ചെയ്തതില്‍ നിന്നും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ഏപ്രില്‍ 9ന് അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയ വാര്‍ത്തയും കണ്ടെത്താന്‍ കഴിഞ്ഞു. സമൂഹമാധ്യമത്തിലൂടെ തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്‌ക്കെതിരെ വി.എം.സുധീരന്‍ ഡിജിപിക്ക് പരാതി നല്‍കിയെന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം.

വീക്ഷണം വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

Veekshanam News Article Archived Link 

നിഗമനം

വി.എം.സുധീരന്‍ തന്നെ പ്രചരണം വ്യാജമാണെന്ന് പ്രതികരിക്കുകയും തന്‍റെ പേരിലുള്ള വ്യാജ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:വി.എം.സുധീരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False