
ഇക്കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ഉണ്ടായ ഗുജറാത്തിൽ വിമാനം തകർന്നുവീണ് വൻദുരന്തം. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്താണ് അപകടം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട 11 വർഷം പഴക്കമുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്.
വിമാനം തകർന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
തീപിടിത്തത്തിന് ശേഷമുള്ള കറുത്ത പുക പടർന്ന് ഉയരുന്നതും ആളുകൾ പരിഭ്രാന്തരായി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത് അഹമ്മദാബാദിൽ വ്യാഴാഴ്ച ഉണ്ടായ വിമാനാപകടത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “അഹമ്മദാബാദ് വിമാനാപകടം ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഒരു സെക്കൻഡ് കൊണ്ട് എല്ലാം കത്തിയമർന്നു#airindia #ahamadabad #airindiaplanecrash”
എന്നാൽ ഇത് രാജസ്ഥാനിൽ നിന്നുള്ള പഴയ ദൃശ്യങ്ങളാണെന്നും അഹമ്മദാബാദ് വിമാന ദുരന്തവുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോയിൽ കാണുന്ന ഫയർഫോഴ്സ് വാഹനങ്ങളിൽ ഒന്നിൽ ഹിന്ദിയിൽ ‘അഗ്നിശമന സേന രാജസ്ഥാൻ എന്നാണ് എഴുതിയിരിക്കുന്നത്. ആർജെ 14 എന്ന വാഹന റജിസ്ട്രേഷൻ നമ്പർ രാജസ്ഥാനിലെ ജയ്പ്പൂർ കേന്ദ്രമാക്കിയുള്ളതാണ്. അതായത് വീഡിയോ രാജസ്ഥാനിൽ നിന്നുള്ളതായിരിക്കാമെന്നർത്ഥം. ഈ സൂചന ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ 2025 മെയ് 8ന് ദൈനിക് ഭാസ്കർ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. രാജസ്ഥാനിലെ ഹനുമാൻഗഢിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തമുണ്ടായെന്നും കറുത്ത പുക ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന്റെ വീഡിയോ റിപ്പോർട്ട് എൻഡിടിവി കൊടുത്തിട്ടുണ്ട്.
ഇടിവി ഭാരത് റിപ്പോർട്ടിൽ ഹനുമാൻഗഡിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ആസിഡ് ഫാക്ടറിയിലാണ് അപകടമുണ്ടാതെന്ന് പറയുന്നു. തീപിടുത്തത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചതായും മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നും റിപ്പോർട്ടിലുണ്ട്.
മറ്റ് പല മാധ്യമങ്ങളിലും രാജസ്ഥാനിലെ ഫാക്ടറിയിൽ ഉണ്ടായ ഈ തീപിടിത്തത്തെ കുറിച്ച് റിപ്പോർട്ട് വന്നിരുന്നു.
നിഗമനം
രാജസ്ഥാനിലെ ഹനുമാൻഗഢിൽ കെമിക്കൽ ഫാക്ടറിയിൽ മേയ് മാസം ഉണ്ടായ തീപിടിത്തത്തിന്‍റെ ദൃശ്യങ്ങളാണ് അഹമ്മദാബാദിൽ വ്യാഴാഴ്ച ഉണ്ടായ വിമാന ദുരന്തത്തിന്‍റെത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:അഹമ്മദാബാദ് വിമാനാപകടം എന്നു പ്രചരിപ്പിക്കുന്നത് രാജസ്ഥാന്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തിന്‍റെ പഴയ വീഡിയോ…
Fact Check By: Vasuki SResult: False
