
നടിയെ ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കിയ വിധിപ്രസ്താവമായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇക്കഴിഞ്ഞ ദിവസം നടന്നത്. 11 മണിക്ക് കോടതി നടപടികൾ ആരംഭിച്ച് മിനിറ്റുകൾക്കകം ജഡ്ജി ഹണി എം വര്‍ഗീസ് വിധി പറയുകയുണ്ടായി. ആദ്യ ആറു പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ദിലീപടക്കമുള്ള പ്രതികളെ കോടതി വെറുതെവിട്ടു.
ദിലീപിനെ വെറുതെ വിട്ടതിനെ ചൊല്ലി ദിലീപ് അനുകൂലികളും അതിജീവതയുടെ ഒപ്പം നില്‍ക്കുന്നവരും രണ്ടു തട്ടില്‍ നിന്ന് വാദപ്രതിവാദങ്ങള്‍ നടത്തുകയാണ്. പ്രതിയായിരുന്ന ദിലീപ് കോടതി മുറിയിലേയ്ക്ക് കടന്ന് വന്നപ്പോൾ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റു നിന്നു എന്നൊരു പ്രചരണം ഈ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്.
പ്രചരണം
വിധി പ്രഖ്യാപിക്കുന്ന സമയത്ത് കോടതി മുറിയില്‍ ഉണ്ടായിരുന്ന ഒരാള്‍ മാധ്യമങ്ങളുടെ മുന്നില്‍ അതിജീവതയുടെ പക്ഷം ചേര്‍ന്ന് വികാരപ്രകടനം നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രതി ദിലീപ് കോടതി മുറിയില്‍ എത്തിയപ്പോള്‍ വിധി പ്രസ്താവിക്കേണ്ട ജഡ്ജി എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചു എന്നാണ് ഇയാള്‍ പറയുന്നത്.
ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. മാതമല്ല, ജഡ്ജി എഴുന്നേറ്റു നിന്ന് പ്രതിയെ ബഹുമാനിച്ചു എന്ന തരത്തില്‍ പല പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നും തെറ്റിധരിപ്പിക്കുന്നതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിധിയെ കുറിച്ച് വന്ന വാർത്താ റിപ്പോർട്ടുകൾ തിരഞ്ഞെങ്കിലും ദിലീപ് വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റു നിന്നു എന്ന അവകാശവാദത്തെ സാധൂകരിക്കുന്ന യാതൊരു റിപ്പോര്‍ട്ടും കണ്ടെത്താനായില്ല. കോടതി മുറിയില്‍ നടപടികള്‍ നടക്കുന്ന സമയത്ത് ജഡ്ജിയെ കൂടാതെ അഭിഭാഷകരും വാദികളുടെയും പ്രതികളുടെയും ആളുകളും കൂടാതെ പൊതുജനങ്ങളും മാധ്യമ പ്രവര്‍ത്തകരും ഉണ്ടാകാറുണ്ട്. ഇങ്ങനെ ഒരു സംഭവം നടന്നിരുന്നു എങ്കില്‍ കോടതി മുറിയില്‍ ഉണ്ടായിരുന്ന മറ്റാരെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു.
കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഞങ്ങള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രാക്ടിസ് ചെയ്യുന്ന അഭിഭാഷകന്‍ അഡ്വ: അനന്തനാരായണനുമായി സംസാരിച്ചു. “ കോടതി മുറിയില്‍ പ്രതിയായ ദിലീപിനെ കണ്ടപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്ന് തൊഴുതു എന്നുള്ളത് പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണ്. ദിലീപിനെ എന്നല്ല, ഒരാളെയും നോക്കി ജഡ്ജി അങ്ങനെ ചെയ്യില്ല. വിധി പറഞ്ഞ ദിവസം കോടതി മുറിയില്‍ നടന്നത് ഇങ്ങനെയാണ്. എല്ലാവരും വന്നശേഷമാണ് ജഡ്ജിയായ ഹണി മാഡം വന്നത്. അവര്‍ അവരുടെ ഇരിപ്പിടത്തെയും പിന്നെ അവിടെ സന്നിഹിതരായവരെ നോക്കി ബോ ചെയ്തശേഷം അവരുടെ ഇരിപ്പിടത്തില്‍ ഇരുന്നു. സാധാരണ അങ്ങനെയാണ് കോടതിയുടെ രീതി. അവിടെ ഉണ്ടായിരുന്നവരില്‍ പലരും പിന്നെ അഭിഭാഷകരും കോടതി ജീവനക്കാരും തിരിച്ചു വണങ്ങി. വിധി കേട്ടയുടന്‍ ദിലീപ് കോടതിയെ കൈകൂപ്പി തൊഴുകയുണ്ടായി. ഇതല്ലാതെ ജഡ്ജി പ്രതിയെ എഴുന്നേറ്റു നിന്ന് തൊഴുതു എന്നൊക്കെ വെറും ദുഷ്പ്രചരണങ്ങള്‍ മാത്രമാണ്. ജഡ്ജി പൊതുവായി ബോ ചെയ്തത് കോടതി നടപടികളെ പറ്റി ബോധ്യമില്ലാത്ത അയാള്‍ തെറ്റിദ്ധരിച്ചതാകാം.”
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ ക്യാമറയില്‍ പകര്‍ത്താന്‍ നിയമം അനുവദിക്കുന്നില്ല. ജഡ്ജിയുടെ ചേംബറില്‍ നിന്ന് ഇരിപ്പിടം വരെ കോടതി നടപടികള്‍ സിസിടിവി ക്യാമയില്‍ പകര്‍ത്തപ്പെടുന്നുണ്ട്.
ഏതായാലും ജഡ്ജി എഴുന്നേറ്റ് പ്രതിയായ ദിലീപിനെ തൊഴുതു എന്നത് തെറ്റായ പ്രചാരണമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
നടിയെ ആക്രമിച്ച കേസില്‍ വിധി പ്രഖ്യാപിച്ച ജഡ്ജി പ്രതിയായ ദിലീപിനെ കണ്ടപ്പോള്‍ കോടതിമുറിയില്‍ എഴുന്നേറ്റു നിന്നു ബഹുമാനിച്ചു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. കോടതി മുറിയില്‍ പ്രതികളും വാദിഭാഗവും മറ്റുള്ളവരും എത്തിയശേഷമാണ് ജഡ്ജി എത്തിയത്. കോടതി നടപടികളുടെ ഭാഗമായി അവിടെയുള്ളവരെ പൊതുവായി തലകുനിച്ച് ജഡ്ജി അഭിവാദ്യം ചെയ്തതാണ് ദുര്‍വ്യാഖ്യാനം ചെയ്തു പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:നടിയെ ആക്രമിച്ച കേസില്‍ ജഡ്ജി പ്രതി ദിലീപിനെ കണ്ട് എഴുന്നേറ്റു നിന്ന് ബഹുമാനിച്ചു എന്ന പ്രചരണം വ്യാജം…
Fact Check By: Vasuki SResult: False



