
മധ്യപ്രദേശിലെ ജബൽപൂരില് പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബാർഗി അണക്കെട്ടിൽ ഖമാരിയ ദ്വീപിന് സമീപം ബോട്ട് ജീവനക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടെ 43 പേരുമായി പോയ സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്രൂയിസ് കപ്പൽ മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. ഏറെപ്പേരെ ഇപ്പോഴും കാണാനില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ടാണ് ബോട്ട് അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്, ഒരു സ്ത്രീയും കുട്ടിയും നദിയില്‍ അബോധാവസ്ഥയിൽ കിടക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
ചിത്രത്തിലെ അമ്മയും കുഞ്ഞും ക്രൂയിസ് കപ്പൽ അപകടത്തിൽ മരിച്ചുവെന്നാണ് പ്രചരണം.
ചിത്രത്തില്‍ കാണുന്ന സ്ത്രീക്കും കുട്ടിക്കും ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി ഉപയോക്താക്കള്‍ ചിത്രം പങ്കുവയ്ക്കുന്നുണ്ട്. അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹത്തിന്റെ സൂചകമാണ് ചിത്രമെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ജീവിതം മുഴുവൻ തളർന്നാലും, മകന്റെ വേദനയിലും സന്തോഷത്തിലും ഒപ്പം നിൽക്കുന്ന ദൈവസമമായ സ്നേഹം… അമ്മ 💔”

എന്നാല്‍ ചിത്രം യഥാര്‍ത്ഥമല്ലെന്നും എഐ നിര്‍മ്മിതമാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഈ അപകടത്തെത്തുടർന്ന്, രാജ്യത്തുടനീളമുള്ള മാധ്യമങ്ങൾ ജബൽപൂരിലെ ബാർഗി അണക്കെട്ടിന് സമീപം തടിച്ചുകൂടിയിരുന്നു. ഈ ചിത്രം യഥാർത്ഥമാണെങ്കിൽ, അത് നിരവധി വാർത്താ റിപ്പോർട്ടുകളിൽ പ്രത്യക്ഷപ്പെടുമായിരുന്നു. എന്നാല്‍ ഒരു ഔദ്യോഗിക റിപ്പോർട്ടിലും ഞങ്ങൾക്ക് ഈ ചിത്രം വന്നിട്ടില്ല. ചിത്രം എഐ നിര്‍മ്മിതമാണെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ജബല്‍പൂര്‍ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും X ഹാന്റിലിലും ചിത്രം യഥാര്‍ത്ഥമല്ലെന്നും എഐ നിര്‍മ്മിതമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തുമ്പോൾ മറ്റൊരു പോസ്റ്റിൽ സമാന ചിത്രം ലഭിച്ചു, എന്നാല്‍ വൈറൽ ഫോട്ടോയിൽ അമ്മയുടെ ശരീരം വലതുഭാഗത്താണെങ്കില്‍ ഈ ചിത്രത്തില്‍ ഇടതു ഭാഗത്താണ്.
ഫോട്ടോ സൂക്ഷ്മമായി പരിശോധിച്ചാൽ എഐ നിര്‍മ്മിത ചിത്രങ്ങളിൽ സാധാരണയായി കാണപ്പെടുന്ന നിരവധി പോരായ്മകൾ കാണാം. കുഞ്ഞിന്റെ കൈ അമ്മയുടെ കൈയുമായി ഒട്ടിച്ചേര്‍ന്ന് ഇരിക്കുന്നത് കാണാം.
കുഞ്ഞിന്റെ വിരലുകളും വ്യക്തമല്ല. അമ്മയുടെ കൈയിലെ ബ്രേസ്ലെറ്റ് കൈയ്യുടെ ഉള്ളില്‍ കയറിയാണ് കാണപ്പെടുന്നത്. അമ്മയുടെ പുരികം ഒരു വശത്ത് ഇരട്ടിച്ച് കാണാം.
ഹൈവ് മോഡറേഷൻ എന്ന AI ഡിറ്റക്ടർ ടൂൾ ഉപയോഗിച്ച് ഞങ്ങൾ ചിത്രം പരിശോധിച്ചപ്പോള്‍ ഫോട്ടോ AI സൃഷ്ടിച്ചതാകാൻ 96.2 ശതമാനം സാധ്യതയുണ്ട് എന്ന ഫലമാണ് ലഭിച്ചത്.
നിഗമനം
മധ്യപ്രദേശിലെ ജബൽപൂരില് പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബാർഗി അണക്കെട്ടിൽ ക്രൂയിസ് കപ്പൽ മറിഞ്ഞ് മരിച്ച അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം എന്ന് പ്രചരിപ്പിക്കുന്നത് എഐ നിര്‍മ്മിത ചിത്രമാണ്. ജബല്‍പൂര്‍ ജില്ലാ കലക്റ്റര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




