
പശ്ചിമ ബംഗാളിലെ സമീപകാല രാഷ്ട്രീയ മാറ്റങ്ങളെയും തീവ്രമായ വോട്ടർ പട്ടിക പരിഷ്കരണങ്ങളെയും കർശനമായ അതിർത്തി നിയന്ത്രണങ്ങളെയും തുടർന്ന്, ആയിരക്കണക്കിന് രേഖകളില്ലാത്ത ബംഗ്ലാദേശി പൗരന്മാർ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
സംസ്ഥാനത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം പതിറ്റാണ്ടുകൾക്ക് മുമ്പ് കിഴക്കൻ ബംഗാളിൽ നിന്ന് കുടിയേറിയ രേഖകളുള്ള അഭയാർത്ഥികളാണ്. പുതിയ ഭരണകൂട നിലപാട് വ്യത്യസ്തമായ പ്രതികരണങ്ങൾക്ക് കാരണമാകുന്നുണ്ട്.
മുസ്ലീങ്ങൾ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേരുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോ ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ബിജെപിയുടെ ഷോള്‍ കഴുത്തില്‍ ധരിച്ച കുറച്ചുപേര്‍ ഒരു മുറിയില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങി വരുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പശ്ചിമ ബംഗാളിൽ റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് ബിജെപിയിൽ ചേർന്നതിലൂടെ ഇന്ത്യൻ പൗരത്വം ലഭിച്ചു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*”ഒന്നുകിൽ BJP യിൽ ചേരുക , അല്ലെങ്കിൽ അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് പോകുക”* എന്ന BJP നയത്തിന്റെ ഭാഗമായി വ്യാപകമായി ന്യൂനപക്ഷങ്ങളെ BJP യിലേക്ക് ചേർക്കുന്ന ബംഗാളിൽ നിന്നുള്ള കാഴ്ച. ”
എന്നാല്‍ വീഡിയോ അസമിൽ നിന്നുള്ളതാണെന്നും പശ്ചിമ ബംഗാളിമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ അസമിലെ രണ്ട് മീഡിയ അക്കൗണ്ടുകളിൽ ഇതേ വീഡിയോ കണ്ടെത്തി.ഇതേ വീഡിയോ ന്യൂസ് 18 നോർത്ത് ഈസ്റ്റ് ഫേസ്ബുക്ക് പേജില്‍ കാണാം:

2026 മാർച്ച് 27 ന് അപ്‌ലോഡ് ചെയ്ത വീഡിയോ അസമിലെ പഥർകണ്ടിയിൽ നിന്നാണ് എന്ന് വിവരിക്കുന്നു.
2026 മാർച്ച് 26-ന് അസം ലൈവ് 24 ഇതേ വീഡിയോ നല്‍കിയിട്ടുണ്ട്. വീഡിയോയിൽ “അവർ കഴുത്തിൽ ബിജെപി പതാകകൾ അണിഞ്ഞ്, തലയിൽ ബിജെപി തൊപ്പികൾ ധരിച്ച്, സിന്ദാബാദ് വിളിച്ചു. മന്ത്രി കൃഷ്ണേന്ദു പോളിന്‍റെ സാന്നിധ്യത്തിൽ മിയ ജനതയുമായി ഒരു യോഗം നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചു” എന്നാണ് അടിക്കുറിപ്പ്.

അസമിലെ പഥർകണ്ടി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അസമീസ് മന്ത്രിയാണ് കൃഷ്ണേന്ദു പോൾ, ബിജെപി അംഗവുമാണ്.
നിഗമനം
ബിജെപി അധികാരമേറ്റ ശേഷം ബംഗാളില്‍ തങ്ങളുടെ ജീവിതം തുടരാനായി ബംഗ്ലാദേശി മുസ്ലിങ്ങള്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ ആസ്സാമിലെ പഥർകണ്ടിയിൽ നിന്നുള്ളതാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ ദൃശ്യങ്ങള്‍ക്ക് പശ്ചിമ ബംഗാളുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




