110 സീറ്റ് നേടി 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് സര്‍വേ ഫലമെന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം | Politics

വിവരണം

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ യു‍ഡിഎഫ് 140ല്‍ 110 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് ഇന്ത്യാ ടു‍ഡേ സര്‍വേ ഫലമെന്ന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

സർവ്വേ മാത്രം നോക്കി ഇരുന്നാൽ നമ്മുടെ വിജയം സർവ്വേയിൽ ആയി പോകും അത് കൊണ്ട് തന്നെ നല്ല പോലെ പണി എടുക്കുക ഓരോ നേതാക്കളും പ്രവർത്തകർ നല്ല പോലെ പണി എടുക്കുന്നുണ്ട്.. നേതാക്കൾ ആണ് ഉറങ്ങി ഇരിക്കുന്നത് അതിനാൽ തുനിഞ്ഞ് ഇറങ്ങുക അന്തിമ വിജയം നമുക്ക് തന്നെ ആകും…മലയാളികൾക്ക് ശരാശരി ബോധം ഉണ്ടെങ്കിൽ 140 സീറ്റുകളിലും വിജയനും കൊള്ളക്കാരും പരാജയപ്പെടണം.

ഉമ്മൻചാണ്ടി നയിച്ച യുഡിഎഫിന്റെ ജനകീയ സർക്കാരിന് തുടർച്ച ഉണ്ടാവുകയും വേണം 💥 എന്ന തലക്കെട്ട് നല്‍കി പോരാളി വാസു എന്ന പേജില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത് –

Facebook Post Archived Screenshot 

എന്നാല്‍ ഇന്ത്യാ ടുഡേ ഇത്തരത്തില്‍ ഒരു സര്‍വേ ഫലം പുറത്ത് വിട്ടിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഇന്ത്യാ ടുഡേ സര്‍വേയുടെ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും 2025 ഫെബ്രുവരി 13ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ് നേഷന്‍ എന്ന പേരില്‍ നടത്തിയ സര്‍വേയെ കുറിച്ചുള്ള വിശകലനത്തിന്‍റെ സംഗ്രഹം അവര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകിരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ ടുഡേയും സീ വോട്ടറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയാണ് മൂഡ് ഓഫ് ദ് നേഷന്‍. ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ട കനത്ത തിരച്ചടിയും കോണ്‍ഗ്രസിന്‍റെ വിജയവും ബിജെപിയുടെ വോട്ട് വിഹിത വര്‍ദ്ധനയുമാണ് സര്‍വേയിലൂടെ വിലയിരുത്തിയിരിക്കുന്നത്.

അതായത് 2024ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇപ്പോള്‍ (ജനുവരി മുതല്‍ ഫെബ്രുവരി 9) വരെ വീണ്ടും ഒരു ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനത്തില്‍ നിന്നും 24 ശതമാനമായി ഉയരുമെന്നും യുഡിഎഫിന് 42 ശതമാനവും എല്‍ഡിഎഫിന് 30 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് സര്‍വേ ഫലം. ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ വോട്ട് ശതമാനം എല്‍ഡിഎഫിനും യു‍ഡിഎഫിനും നഷ്ടമാകുമെന്നും ഇന്ത്യാ ടുഡേ സര്‍വേ അവകാശപ്പെടുന്നു.

ഇന്ത്യാ ടുഡേ ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത സര്‍വേയില്‍ ചര്‍ച്ചാ പാനലില്‍ രാഷ്ട്രീയ നിരീക്ഷകരും തെരഞ്ഞെടുപ്പ് വിദഗ്ധരും പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത സെന്‍റര്‍ ഫോര്‍ പോളിസി പ്രതിനിധി രാഹുല്‍ വവര്‍മ്മയുടെ നിരീക്ഷണം ഇപ്രകാരമാണ് –

2026 കേരള നിയസഭ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രവചനം അസാധ്യമാണ്. കോണ്‍ഗ്രസ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവ്യ്ക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷെ ഇടതുപക്ഷെ അവരുടെ ശക്തി നിയമസഭ തെരഞ്ഞെടുപ്പില്‍ തെളിയിക്കുന്നതാണ് കഴിഞ്ഞ കാലങ്ങളില്‍ കാണാന്‍ കഴിയുന്നത്. മാത്രമല്ലാ കേന്ദ്രത്തിലേക്ക് കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയെന്നതാണ് അവരുടെ ലക്ഷ്യം. ദേശീയ രാഷ്ട്രീയത്തില്‍ ഇടതിന് ആ പിന്തുണ നല്‍കുന്നില്ലാ. പക്ഷെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ നോക്കി നിയമസഭയില്‍ പ്രവചനം നടത്തുകയെന്നത് അസാധ്യമാണെന്നും അദ്ദേഹം പറ‍ഞ്ഞു.

ഇടതിന് അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകയായ മനീഷ പ്രിയത്തിന്‍റെ വിലയിരുത്തല്‍. കേരളത്തിലെ വോട്ടര്‍മാര്‍ എല്‍ഡിഎഫ് കേഡര്‍മാര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിലും ശക്തരാണെന്നാണ് വിശ്വസിക്കുന്നത്. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ അവരുടെ അവസരം നഷ്ടമാക്കും. കെ.കെ.ഷൈലജയെ പോലെയുള്ളവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുക കൂടെ ചെയ്താല്‍ സ്ത്രീകളുടെയും ഒബിസി വിഭാഗത്തിന്‍റെയും വോട്ട് വിഹിതം ഇടതിന് ഉറപ്പിക്കാന്‍ കഴിയും. കോണ്‍ഗ്രസ് തന്നെയാണ് കേരളത്തിലെ ഇടതിന് എതിരാളിയെന്നും ബിജെപിക്ക് കാര്യമായ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുകയില്ലായെന്നും മനീഷ പ്രിയത്തിന്‍റെ അഭിപ്രായം.

കേരളത്തില്‍ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലായെങ്കിലും 15 വര്‍ഷം മുന്‍പ് ഇതെ സാഹചര്യമുണ്ടായിരുന്നതാണ് വെസ്റ്റ് ബംഗാളിലും ത്രിപുരയിലും. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതാണോ. എന്നാല്‍ എല്‍ഡിഎഫ് വോട്ടുകള്‍ ബെജിപിയിലേക്ക് കാലക്രമേണ പോകുന്ന എന്നത് ഇടതുപക്ഷത്തിന് തിരച്ചടി തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ് നേഷന്‍ സര്‍വേയെ തുടര്‍ന്നുള്ള വിശകലനം കാണാം –

YouTube Video 

ഇത്തരത്തിലാണ് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ് നേഷന്‍ സര്‍വേയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന വിശകലന ചര്‍ച്ചയില്‍ ഉയര്‍ന്ന അഭിപ്രായ പ്രകടനങ്ങള്‍. 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന ഒരു സര്‍വേയും ഇതുവരെ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ചിട്ടില്ലാ. മാത്രമല്ലാ രാഷ്ട്രീയ നിരീക്ഷകരും ഇടതുക്ഷത്തിന് വീണ്ടും ഒരു സാധ്യത തള്ളിക്കളയുന്നുമില്ലാ. അതുകൊണ്ട് തന്നെ 110 സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ പ്രസിദ്ധീകരിച്ചു എന്ന പേരിലെ പ്രചരണം അടിസ്ഥാന രാഹിതമാണെന്ന് അനുമാനിക്കാം.

നിഗമനം

110 സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന തരത്തില്‍ ഒരു സര്‍വേ ഫലം ഇന്ത്യാ ടുഡേ പുറത്ത് വിട്ടിട്ടില്ലാ. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു വിശകലന ചര്‍ച്ച മാത്രമാണ് ചാനല്‍ സംഘടിപ്പിച്ചത്. മാത്രമല്ലാ എല്‍ഡിഎഫിന് ഭരണത്തില്‍ എത്താമെന്ന സാധ്യതയും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ തള്ളിക്കളയുന്നതുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:110 സീറ്റ് നേടി 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് സര്‍വേ ഫലമെന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: Misleading