സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ ഭാര്യയ്ക്കുവേണ്ടി ഇങ്ങനെയൊരു പരാമർശം നടത്തിയോ..?
വിവരണം
കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 20 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. "തിരഞ്ഞെടുപ്പില്‍ തോല്‍വിയും പരാജയവും ഉണ്ടാകും പക്ഷെ അതിന്റെ പേരില്‍ എന്നെയും പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ ശ്രമമെങ്കില്‍ തിരിച്ചടിക്കും ലാല്‍സലാം സഖാവേ ??" എന്ന അടിക്കുറിപ്പുമായി കണ്ണൂരിലെ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പികെ ശ്യാമളയുടെയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്ററുടെയും ചിത്രങ്ങളും ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായി എന്നല്ലാതെ എന്ത് തെറ്റാണ് എന്‍റെ ഭാര്യ ശ്യാമള ചെയ്തത്..? ആഞ്ഞടിച്ച് സഖാവ് ഗോവിന്ദൻ മാസ്റ്റർ ... പൊളിച്ചു സഖാവേ ലാൽസലാം.." എന്ന വാചകങ്ങളുമായാണ് പോസ്റ്റിന്റെ പ്രചരണം.
archived link | FB post |
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുൻ ചീഫ് എഡിറ്ററുമാണ് ഗോവിന്ദൻ മാസ്റ്റർ എന്ന പേരിൽ അറിയപ്പെടുന്ന എംവി ഗോവിന്ദൻ. ആന്തൂർ നഗരസഭാ ചെയർപേഴ്‌സണും ഗോവിന്ദൻ മാസ്റ്ററുടെ പത്നിയുമായ പികെ ശ്യാമളയുടെയും മറ്റ് നഗരസഭാ ഉദ്യോഗസ്ഥരുടെയും കടുത്ത നിലപാടുകളിൽ മനംനൊന്ത് പ്രവാസിയായ വ്യവസായി കഴിഞ്ഞ ദിവസം ആത്മഹത്യാ ചെയ്തത് സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 15 കോടി ചിലവഴിച്ചു നിർമ്മിച്ച കൺവൻഷൻ സെന്ററിന് അന്തിമ അനുമതി നിഷേധിച്ചതാണ് പാർട്ടി അനുഭാവിയായ വ്യവസായിയെ മാനസികമായി തളർത്തിയത് എന്ന് വാർത്തകൾ വന്നിരുന്നു.
ഈ സാഹചര്യത്തിൽ ഗോവിന്ദൻ മാസ്സർ തന്റെ പത്നിയെ സംരക്ഷിക്കാൻ ഇത്തരത്തിൽ പരാമർശം നടത്തിയോ എന്ന് നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഇത്തരത്തിൽ ഗോവിന്ദൻ മാസ്റ്റർ എന്തെങ്കിലും പരാമർശം നടത്തിയോ എന്നറിയാനായി ഞങ്ങൾ പ്രാദേശിക മാധ്യമങ്ങളുടെയും ദേശീയ മാധ്യമങ്ങളുടെയും വെബ്‌സൈറ്റുകൾ തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത പോലും ഞങ്ങൾക്ക് ലഭിച്ചില്ല. oneindia എന്ന മാധ്യമം താഴെ കൊടുത്തിരിക്കുന്ന വാർത്ത നൽകിയിട്ടുണ്ട്. എന്നാൽ പോസ്റ്റിലെ ആരോപണവുമായി ഇതിന് യാതൊരു ബന്ധവുമില്ല.
archived link | malayalam oneindia |
തുടർന്ന് ഞങ്ങൾ ഗോവിന്ദൻ മാസ്റ്റർ സാമൂഹിക മാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചു. അദ്ദേഹത്തിൻറെ പേരിൽ രണ്ട് ഫേസ്‌ബുക്ക് പേജുകൾ നിലവിലുണ്ട്. 2019 മെയ് മാസത്തിനു ശേഷം അദ്ദേഹം ഫേസ്‌ബുക്ക് പേജുകളിൽ സജീവമല്ല എന്നാണ് കാണാൻ കഴിയുന്നത്.
archived link | govindan master FB page |
archived link | Govindan-Master FB page |
അദ്ദേഹം ഇങ്ങനെയൊരു പരാമർശം നടത്തിയതിന് യാതൊരു തെളിവും ഞങ്ങൾക്ക് ലഭിച്ചില്ല. ഈയടുത്ത ദിവസങ്ങളിൽ അദ്ദേഹം പൊതുവേദികളിൽ എന്തെങ്കിലും പ്രസംഗം നടത്തിയിരുന്നു എന്നറിയാനായി ഞങ്ങൾ വീഡിയോകൾ തിരഞ്ഞു. എന്നാൽ മൂന്ന് ആഴ്ചയ്ക്ക് മുമ്പ് വരെയുള്ള വീഡിയോകൾ മാത്രമേ യൂട്യൂബിൽ ലഭ്യമാകുന്നുള്ളു.
തുടർന്ന് കൂടുതൽ വ്യക്തയ്ക്കായി ഞങ്ങൾ ഗോവിന്ദൻ മാസ്റ്ററുമായി നേരിട്ട് ബന്ധപ്പെട്ടു.
ഞങ്ങളുടെ വിശകലത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് പോസ്റ്റിൽ നൽകിയിട്ടുള്ളത് പൂർണ്ണമായും വ്യാജമായ കാര്യമാണെന്നാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിട്ടുള്ളത് പൂർണമായും വ്യാജമായ വാർത്തയാണ്. ഇത്തരത്തിൽ ഒരു പരാമർശം നടത്തിയിട്ടില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ തന്നെ ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വ്യാജമായ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അപേക്ഷിക്കുന്നു
ചിത്രങ്ങൾ കടപ്പാട് ഫേസ്ബുക്ക്, ഗൂഗിൾ
Title: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ ഭാര്യയ്ക്കുവേണ്ടി ഇങ്ങനെയൊരു പരാമർശം നടത്തിയോ..?
Fact Check By: Deepa MResult: False