
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത് 92 ശതമാനത്തിലധികം എന്ന റെക്കോർഡ് പോളിംഗാണ്. ഇത് 2021-ലെ പോളിംഗ് ശതമാനത്തേക്കാൾ 10 ശതമാനത്തിലധികം കൂടുതലാണ്. അതേസമയം, സുരക്ഷാ പരിശോധനകള്‍ക്കിടെ ബംഗാളിലെ നിരവധി ഇടങ്ങളിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെത്തി. പൊലീസും കേന്ദ്ര സേനയും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
തൃണമുൽ കോൺഗ്രസ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുക്കുന്ന ദൃശ്യം എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പട്ടാള യൂണിഫോം ധരിച്ച ആളുകൾ എത്താനും പേരെ ഓടിച്ചിട്ടു പിടികൂടുന്ന ദൃശ്യങ്ങളാണ് കാണുന്നത്. സിപിഎം-തൃണമൂല്‍ പ്രവര്‍ത്തകര്‍ പഴ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പില്‍ ബൂത്ത് പിടിച്ചെടുക്കുന്ന ദൃശ്യങ്ങളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതുപോലുള്ള നൂറുകണക്കിന് വീഡിയോകളാണ് നവമാധ്യമങ്ങളിൽ പശ്ചിമബംഗാളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്…🤭 ഇപ്പോൾ മനസ്സിലായോ മലയാളികളെ??? സിപിഎം ഭരിക്കുമ്പോഴും ഇപ്പോൾ തൃണമൂൽ ഭരിക്കുമ്പോഴും ഇതാണ് അവരുടെ ജനാധിപത്യരീതി… ബൂത്ത് പിടിച്ചെടുത്ത്, എതിരാളികളെ തല്ലി ഓടിച്ച്, സ്വയം വോട്ട് ചെയ്ത് സ്വയം അധികാരത്തിൽ വരിക 🫢🫢🫢അതാണ് ഇവർ ബംഗാളിൽ ചെയ്തുകൊണ്ടിരുന്നത്”
എന്നാൽ വീഡിയോ പശ്ചിമ ബംഗാളിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. ബംഗ്ലാദേശിൽ 2026 ഫെബ്രുവരി 12ന് നടന്ന സംഭവമാണിത്.
വസ്തുത ഇതാണ്
വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ സമാന ദൃശ്യങ്ങള്‍ ഒരു ബംഗ്ലാദേശി മാധ്യമത്തിന്‍റെ ഫേസ്ബുക്ക് പേജിൽ 2026 ഫെബ്രുവരി 12ന് പങ്കുവച്ചിട്ടുള്ളതായി കണ്ടു. മുൻഷിഗഞ്ച് സദർ ഉപസിലയിലെ മൊല്ലക്കണ്ടി യൂണിയനിലെ മഖഹാട്ടി പ്രദേശത്ത് കോക്ടെയിലുകൾ പൊട്ടിച്ച സംഭവത്തിൽ അഞ്ച് പേരെ ബംഗ്ലാദേശ് സൈന്യം പിന്തുടർന്ന് പിടികൂടിയെന്നാണ് ഒപ്പമുള്ള വിവരണം.
തുടർന്ന് കൂടുതല്‍ തിരഞ്ഞപ്പോള്‍ 2026 ഫെബ്രുവരി 12ന് ബംഗ്ലാദേശിലെ മുഷിൻഗഞ്ചിൽ മോളോടോക് കോക്ടെയ്ല്‍ (കുപ്പിയിൽ ഇന്ധനം നിറച്ച് തീകൊളുത്തി എറിയുന്ന ആയുധം) ഉപയോഗിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ചു.

മൊല്ലക്കണ്ടി യൂണിയനിലെ മഖാതി ഗുരുചരൺ ഹൈസ്കൂൾ പോളിംഗ് സ്റ്റേഷനിലാണ് കോക്ടെയ്ല്‍ സ്ഫോടനം നടന്നതെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തെ തുടർന്ന് സൈന്യം നടത്തിയ പരിശോധനയിൽ ഒരു തോക്കും നിരവധി കോക്ക്ടെയിലുകളും കണ്ടെടുത്തുവെന്നും അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുൻഷിഗഞ്ച്-3 മണ്ഡലത്തിലെ ഒരു പോളിംഗ് സ്റ്റേഷന് സമീപം നിരവധി കോക്ടെയ്ല്‍ സ്ഫോടനങ്ങൾ ഉണ്ടായതായി സൈന്യം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും മാധ്യമ റിപ്പോർട്ട് ഉണ്ട്. ഉരുളക്കിഴങ്ങ് പാടത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 5 പേരെ അറസ്റ്റ് ചെയ്തുവെന്നും ഇവരിൽ നിന്നും ഒരു കോക്ടെയ്ല്‍ കണ്ടെടുത്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റഹ്മത്ത് മാജി, പർവേസ് മാജി, എംഡി കമാൽ, അർഷാദ് മാജി, സലിം മാജി എന്നിവരെയാണ് സൈന്യം അറസ്റ്റ് ചെയ്തത്. അതായത് ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുള്ളതാണ്, പശ്ചിമ ബംഗാളിലെതല്ല.
നിഗമനം
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ടിഎംസി പ്രവർത്തകർ ബൂത്ത് പിടിച്ചെടുക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്നത് ബംഗ്ലാദേശിൽ നിന്നുള്ള ദൃശ്യങ്ങളാണ്. പശ്ചിമ ബംഗാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




