ഇന്ത്യന്‍ നേവി കടല്‍ക്കൊള്ളക്കാരെ പിടികൂടുന്നു എന്ന് പ്രചരിപ്പിക്കുന്നത് ഇന്ത്യ-സീഷെല്‍സ് സേനാഭ്യാസത്തിന്‍റെ വീഡിയോ…

അന്തര്‍ദേശീയം | International

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടുന്ന ഇന്ത്യന്‍ നാവികസേനയുടെ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

യൂണിഫോം ധരിച്ച പട്ടാളക്കാര്‍ കപ്പലിനുള്ളില്‍ തോക്കുമായി കൊള്ളക്കാരെ നേരിടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യന്‍ നാവികസേനയുടെ മാര്‍ക്കോസ് കമാന്‍ഡോകള്‍ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടുന്നതാണ്  ദൃശ്യങ്ങളില്‍ കാണുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ MARCOS കമാൻഡോകൾ വീണ്ടും കരുത്ത് തെളിയിച്ചു 🇮🇳💪

ആന്റീ – പൈറസി ഓപ്പറേഷനിൽ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ പിടികൂടി”

FB postarchived link

എന്നാല്‍ വീഡിയോ സേനാഭ്യാസത്തിന്‍റെതാണെന്നും സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടുന്നതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം  നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍, ഇന്ത്യ സെന്‍റിനൽസ് എന്ന  ഇന്ത്യയുടെ പ്രതിരോധ മേഖല, നയതന്ത്രം, ഭൂതന്ത്രം എന്നിവയെക്കുറിച്ചുള്ള വാർത്തകൾ, കാഴ്ചപ്പാടുകൾ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമില്‍ നിന്നും ലഭിച്ചു. (Indian Armed Forces, Seychelles Defence Forces’ Joint Military Exercise LAMITIYE 2026 underway ) — ഇന്ത്യൻ സായുധ സേനയും സീഷെൽസ് പ്രതിരോധ സേനയും സംയുക്ത സൈനികാഭ്യാസം ലാമിറ്റി 2026 ആരംഭിച്ചു എന്നാണ് വിവരണം നല്‍കിയിരിക്കുന്നത്. 

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോര്‍ട്ടില്‍ ഇത് LAMITIYE എന്ന പേരില്‍ ഇന്ത്യയും സീഷെല്‍സും സംയുക്തമായി നടത്തിയ സേനാഭ്യാസമാണെന്ന് വ്യക്തമാക്കുന്നു. 

സേനാഭ്യാസത്തെ കുറിച്ച് 2026 മാര്‍ച്ച് 14 ന് ദി ഹിന്ദു വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.  

ഇന്ത്യന്‍ സേനയും സീഷെല്‍സ് പ്രതിരോധ സേനയും സംയുക്തമായി സീഷെല്‍സില്‍ സംഘടിപ്പിച്ചതാണ് സംയുക്ത സേനാഭ്യാസമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് മാധ്യമങ്ങളിലും സമാന റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. 

നിഗമനം 

ഇന്ത്യന്‍ നാവികസേനയും സീഷെല്‍സ് പ്രതിരോധ സേനയും സംയുക്തമായി സംഘടിപ്പിച്ച സംയുക്ത സേനാഭ്യാസമായ ലാമിറ്റിയെ 2026 ന്‍റെ ദൃശ്യങ്ങളാണ് ഇന്ത്യൻ നാവികസേനയുടെ MARCOS കമാൻഡോകൾ ആന്‍റി-പൈറസി ഓപ്പറേഷനിൽ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ പിടികൂടി എന്ന പേരില്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്. 

ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: ഇന്ത്യന്‍ നേവി കടല്‍ക്കൊള്ളക്കാരെ പിടികൂടുന്നു എന്ന് പ്രചരിപ്പിക്കുന്നത് ഇന്ത്യ-സീഷെല്‍സ് സേനാഭ്യാസത്തിന്‍റെ വീഡിയോ…

Written By: Vasuki S

Result: False