
താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയ ശേഷം വളരെയധികം വ്യാജ ചിത്രങ്ങളും വീഡിയോകളും താലിബാനുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഇപ്പോൾ താലിബാന്‍റെ പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഇസ്ലാം പുരോഹിത വേഷത്തിലുള്ള ഒരു വ്യക്തി ആർഎസ്എസും ബിജെപിയും ഇന്ത്യയിൽ പ്രബലരാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.
വീഡിയോയിൽ പ്രഭാഷണം നടത്തുന്നത് താലിബാൻ ചീഫ് സെക്രട്ടറി ആണെന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “RSS ഉം ബിജെപി യും ഇന്ത്യയിൽ അതി ശക്തരാണ് 💪ബിജെപി ഇന്ത്യയിൽ ഉള്ളിടത്തോളം കാലം ഒരു രാജ്യത്തിനും ഇന്ത്യയെ ആക്രമിക്കാൻ കഴിയില്ല ഇന്ത്യയെ ആക്രമിക്കണമെങ്കിൽ ആദ്യം ബിജെപിയെ ഇല്ലാതാക്കണം…. താലിബാൻ ചീഫ് സെക്രട്ടറി പറയുന്നത് കേൾക്കുക
അഭിമാനിക്കാം ഓരോ RSS കാരനും 🚩🚩🚩🚩💪🏻💪🏻🇮🇳🇮🇳 “
ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. പാകിസ്താനിലെ ഇസ്ലാം മത പണ്ഡിതന്‍റെ പഴയ വീഡിയോ ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടത്തുന്നത് എന്ന് കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വേർതിരിച്ച ശേഷം അതിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ പ്രസംഗം ഒരു യൂട്യൂബ് ചാനലിൽ നിന്നും ലഭിച്ചു. പാകിസ്ഥാനിലുള്ള ഖാലിദ് മെഹമൂദ് അബ്ബാസി എന്ന ഇസ്ലാം പുരോഹിതന്‍റെതാണ് ചാനൽ. അദ്ദേഹത്തെയാണ് വൈറല്‍ വീഡിയോയിൽ താലിബാന്‍ ചീഫ് സെക്രട്ടറി എന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റിലെ വീഡിയോ തന്നെയാണ് ഇതിലുള്ളത്. മാത്രമല്ല, അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ഇന്ത്യയോട് വെറുപ്പോ വിദ്വേഷമോ ഇല്ല. മാത്രമല്ല വളരെ പോസിറ്റീവായാണ് അദ്ദേഹം ഇന്ത്യയെ കുറിച്ച് പറയുന്നത്.
വീഡിയോ 2019 മാര്‍ച്ച് ഒന്നിലേതാണ് എന്ന് എഴുതി കാണിക്കുന്നുണ്ട്. ഞങ്ങൾ കൂടുതൽ തിരഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജ് ലഭിച്ചു. അതിൽ നിന്നും ലഭിച്ച നമ്പറിൽ ഖാലിദ് മെഹമൂദ് അബ്ബാസിയുമായി ഞങ്ങൾ ബന്ധപ്പെട്ടു. ഇത് വെറും വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കി അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: ഈ വീഡിയോ പഴയതാണ്. ഞാൻ 2019 ല്‍ നടത്തിയ ഒരു പ്രഭാഷണം തെറ്റായ വിവരണത്തോടെ ഇപ്പോൾ പ്രചരിക്കുന്നതായി അറിയാൻ കഴിഞ്ഞു. എനിക്ക് താലിബാനുമായി യാതൊരു ബന്ധവുമില്ല. താലിബാന്‍ ചീഫ് ഇങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്‍റെ പ്രഭാഷണത്തിന്‍റെ വീഡിയോ താലിബാനുമായി കൂട്ടിച്ചേര്‍ത്ത് തെറ്റായി പ്രചരിപ്പിക്കുകയാണ്.
പാകിസ്താനിൽ നിന്നുള്ള പ്രഭാഷകന്‍റെ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണമാണ് താലിബാന്‍റെ പേരിൽ നടത്തുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. പാകിസ്താനിൽ നിന്നുള്ള പ്രഭാഷകനാണ് വീഡിയോയിലുള്ളത്. അദ്ദേഹത്തിന്‍റെ 2019ലെ ഒരു പ്രഭാഷണത്തിന്‍റെ വീഡിയോയാണിത്. അദ്ദേഹത്തിന് താലിബാനുമായി യാതൊരു ബന്ധവുമില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:വീഡിയോയിൽ പ്രഭാഷണം നടത്തുന്നത് താലിബാൻ ചീഫ് സെക്രട്ടറിയല്ല… പാകിസ്ഥാനിൽ നിന്നുള്ള പ്രഭാഷകനാണ്. യാഥാര്‍ത്ഥ്യം അറിയൂ…
Fact Check By: Vasuki SResult: False



Sorry for the uploaded fake massage not further repeat in future