FACT CHECK:ദൃശ്യങ്ങള്‍ ത്രിപുരയിലേതല്ല, ബംഗ്ലാദേശില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തീപിടിത്തത്തിന്‍റെതാണ്...
ത്രിപുരയിൽ കഴിഞ്ഞാഴ്ച ആഴ്ച നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നുണ്ട്. ത്രിപുരയിൽ നടന്ന ഒരു തീപിടുത്തത്തിന്‍റെ വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്
പ്രചരണം
പോസ്റ്റിലെ വീഡിയോയിൽ ചേരി പ്രദേശം പോലുള്ള സ്ഥലത്ത് ചെറിയ കുടിലുകള്‍ കത്തിയമരുന്ന ദൃശ്യങ്ങളാണുള്ളത്. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്. “#ത്രിപുര
സി.പി.എം തോറ്റപ്പോൾ സന്തോഷിച്ചവരോട്.. എതിർക്കാൻ ത്രാണിയില്ലാത്ത പാവങ്ങളുടെ കുടിലുകൾ RSS തീവ്രവാദികൾ അഗ്നിക്കിരയാക്കിയപ്പോൾ.😡”
അതായത് ആർഎസ്എസ് പ്രവർത്തകർ ത്രിപുരയിൽ പാവങ്ങളുടെ വീട് കത്തിച്ചതിന്‍റെ വീഡിയോയാണിത് എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് ത്രിപുരയിൽ നിന്നുള്ളതല്ല ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്നും കഴിഞ്ഞ മാർച്ച് മാസത്തിലേതാതാണെന്നും വ്യക്തമായി സൂചിപ്പിക്കുന്ന തെളിവുകൾ ലഭിച്ചു.
ബംഗ്ലാദേശിലെ റോഹിങ്ക്യൻ ക്യാമ്പില്‍ മാർച്ച് മാസം 23 ന് തീപിടിത്തം ഉണ്ടായി. ഈ വീഡിയോ നിരവധി പേർ അന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അത്തരത്തില്‍ പ്രചരിച്ച ഒരു വീഡിയോ താഴെ കൊടുക്കുന്നു.
ദക്ഷിണ ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടുത്തമുണ്ടായി. നൂറുകണക്കിന് ടെന്റുകളും നിരവധി ആരോഗ്യ കേന്ദ്രങ്ങളും മറ്റ് സൗകര്യങ്ങളും കത്തിനശിച്ചതായി ഉദ്യോഗസ്ഥരും ദൃക്സാക്ഷികളും പറഞ്ഞതായി മാധ്യമ വാര്‍ത്തകളുണ്ട്.
കോക്‌സ് ബസാർ ജില്ലയിലെ ബാലുഖാലി ക്യാമ്പിൽ തിങ്കളാഴ്ച ഉച്ചയോടെ പടര്‍ന്ന തീപിടിത്തം ചുരുങ്ങിയത് നാല് ബ്ലോക്കുകളിലേക്കെങ്കിലും പടരുകയായിരുന്നുവെന്ന് ഗവൺമെന്റിന്‍റെ അഭയാർത്ഥി, ദുരിതാശ്വാസ, പുനരധിവാസ കമ്മീഷൻ അഡീഷണൽ കമ്മീഷണർ മുഹമ്മദ് ഷംസുദ് ദൗസ പറഞ്ഞതായി വാര്‍ത്തകളിലുണ്ട്.
തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ ഏതാണ്ട് നാലുമണിക്കൂർ അധികം സമയമെടുത്തു എന്നാണ് ചില സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നത്.
റോയിട്ടേഴ്സ് സംഭവത്തെ കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്താ വീഡിയോ താഴെ കാണാം.
മാർച്ച് മാസത്തിൽ ബംഗ്ലാദേശിലെ ഉണ്ടായ റോഹിങ്ക്യൻ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ വീഡിയോ ആണ് ത്രിപുരയിലേത് എന്ന് പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. വീഡിയോ ത്രിപുരയിൽ നിന്നുള്ളതല്ല. ബംഗ്ലാദേശിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ റോഹിങ്ക്യൻ ക്യാമ്പിൽ തീപിടുത്തമുണ്ടായ സമയത്തെ വീഡിയോ ആണിത്. തെറ്റായ വിവരണത്തോടെ ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ദൃശ്യങ്ങള്‍ ത്രിപുരയിലേതല്ല, ബംഗ്ലാദേശില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തീപിടിത്തത്തിന്‍റെതാണ്...
Fact Check By: Vasuki SResult: False